ടോയ്‌ലെറ്റ് ഇല്ലാതെ പ്രാഥമികാവശ്യങ്ങള്‍ക്ക് അയല്‍വീടുകളെ ആശ്രയിക്കുന്ന കോളനിയിലെ കുഞ്ഞനുജത്തിമാര്‍ക്ക് വേണ്ടി പേട്ട വി.എച്ച്.എസ്.എസിലെ പെണ്‍കുട്ടികളുടെ ക്രിസ്മസ് സമ്മാനമായി 10 ടോയ്‌ലെറ്റുകള്‍

single-img
24 December 2014

Perttagതിരുവനന്തപുരം പേട്ട വി.എച്ച്.എസ്.എസിലെ പെണ്‍കുട്ടികള്‍ക്ക് ഇതില്‍പരം ഒരു ക്രിസ്മസ് സമ്മാനം കൊടുക്കാനുമില്ല, പേട്ട വൈ.എം.സി കോളനിക്കാര്‍ക്ക് ഇതില്‍പരം ഒരു സമ്മാനം കിട്ടാനുമില്ല. കാരണം വര്‍ഷങ്ങളായുള്ള കോളനിക്കാരുടെ കാത്തിരിപ്പാണ് ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ക്ക് വേണ്ടി പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ അയല്‍വീടുകളെ ആശ്രയിക്കുന്ന ആ ദുരിത കാലത്തില്‍ നിന്നുള്ള മോചനമായി പേട്ട വി.എച്ച്.എസ്.എസിലെ പെണ്‍കുട്ടികള്‍ ഒത്തൊരുമിച്ച് കോളനിക്കാര്‍ക്ക് നല്‍കിയത് പത്ത് ടോയ്‌ലെറ്റുകളാണ്.

നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റ സാമൂഹിക സേവനത്തിന്റെ ഭാഗമായി പേട്ട വൈ.എം.സി കോളനിയില്‍ സര്‍വ്വേയ്ക്കിറങ്ങിയപ്പോഴാണ് നാല്‍പ്പത്തിയഞ്ചോളം വീടുകളുള്ള ആ കോളനിയിലെ ദുരിതം കുട്ടികള്‍ നേരിട്ടറിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. അവര്‍ കോളനിയില്‍ ടോയ്‌ലെറ്റിനു വേണ്ടി എം.എല്‍.എയും എം.പിയേയും കണ്ടു സഹായം അഭ്യര്‍ത്ഥിച്ചു. അതുവഴി കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ അവര്‍ ചാക്ക, കടകംപള്ളി വാര്‍ഡ് ക,ണ്‍സിലര്‍മാരെ സമീപിച്ചു. അവിടെയും നിരാശയായിരുന്നു ഫലം.

എന്നാല്‍ ഇതിനൊരു പരിഹാരം കണ്ടിട്ടുമാത്രമേ വിരശ്രമമുള്ളു എന്ന നിലപാടില്‍ ആ പെണ്‍കുട്ടികള്‍ സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചു. അവരുടെ പ്രയത്‌നം വെറുതെയായില്ല. അങ്ങനെ അവരുടെ നിശ്ചയദാര്‍ഡ്യത്തിനുമുന്നില്‍ ആ കോളനിയില്‍ പത്ത് ഐടോയ്‌ലെറ്റുകള്‍ ഉയര്‍ന്നു.

എന്‍.എസ്.എസിന്റെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഫലമായാണ് കുട്ടികളുടെ പ്രയത്‌നത്താല്‍ ടോയ്‌ലെറ്റ് യാഥാര്‍ത്ഥ്യമായത്. കോളനി സ്ഥിതി ചെയ്യുന്ന സ്ഥലം ചതുപ്പായതിനാല്‍ കോണ്‍ക്രീറ്റ് റിങ്ങ് ഉപയോഗിച്ചാണ് ടോയ്‌ലെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇനി ക്ലോസറ്റ് ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിമതി കോളനിക്കാര്‍ക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്. ലക്ഷ്മി ദേവിയും എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ മഞ്ജുഷയും എല്ലാവിധ പിന്തുണയുമായി കുട്ടികളുടെ കൂടെത്തന്നെയുണ്ട്.