തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു

single-img
23 December 2014

ddപ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ ഇന്ന് വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. കടുത്ത പനിയെ തുടർന്ന് ഈ മാസം 15നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.

 
മലയാളത്തിലും ഹിന്ദിയിലും ഓരോ ചിത്രങ്ങളും അദ്ദേഹം സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌. 1980-ല്‍ പുറത്തിറങ്ങിയ തിരകള്‍ എഴുതിയ കാവ്യം ആണ്‌ അദ്ദേഹം സംവിധാനം ചെയ്‌ത ഏക മലയാള ചിത്രം. 1981ല്‍ പുറത്തിറങ്ങിയ ഏക്‌ ദൂജേ കേ ലിയേ ആണ്‌ ഹിന്ദി ചിത്രം. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

 
9 തവണ ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. പ്രശസ്ത തെന്നിന്ത്യൻ താരം രജനീകാന്തിന്രെ അരങ്ങേറ്റം ബാലചന്ദറിന്രെ സിനിമയിലൂടെയായിരുന്നു.1975-ല്‍ അദ്ദേഹം സംവിധാനം ചെയ്‌ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്‌ രജനീകാന്ത്‌ സിനിമയിലേക്ക്‌ കടന്നു വന്നത്‌. പ്രകാശ്‌ രാജ്‌, വിവേക്‌ തുടങ്ങിയ മുന്‍നിര താരങ്ങളെയും സനിമയില്‍ എത്തിച്ചത്‌ ബാലചന്ദറാണ്‌. രാജമാണ്‌ ബാലചന്ദറിന്റെ ഭാര്യ. കൈലാസം, പ്രസന്ന, പുഷ്‌പ കന്തസ്വാമി എന്നിവര്‍ മക്കളാണ്‌. സംസ്കാരം വ്യാഴാഴ്ച ചെന്നൈയിൽ നടക്കും.