സൈലന്റ് വാലിയിലും വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം; സൈലന്റ് വാലി പാര്‍ക്ക് മൂന്നുദിവസത്തേക്ക് പൂട്ടി

single-img
22 December 2014

attackപാലക്കാട്: പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം. പുലര്‍ച്ചെ ഒന്നരയോടെ മുക്കാലിയിലുള്ള വനംവകുപ്പിന്റെ ഓഫീസിനു മുന്നിലുണ്ടായിരുന്ന ജീപ്പ് കത്തിച്ചു. വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേര്‍ക്ക് നടന്ന ആക്രമണത്തിൽ ഓഫീസിലുണ്ടായിരുന്ന നാല് കംപ്യൂട്ടറുകള്‍ തകര്‍ത്തു. കൂടാതെ ഫയലുകളും നശിപ്പിച്ചു. കാമറകളും ലെന്‍സുകളും അടക്കം മറ്റ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. ആയുധങ്ങള്‍ വെച്ചിരുന്ന മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 15 ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

വിവരമറിഞ്ഞ് മാവോ വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ട്, അഗളി പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓഫിസ് മാവോയിസ്റ്റുകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് സൈലന്റ് വാലി പാര്‍ക്ക് മൂന്നുദിവസം പൂട്ടിയിടാന്‍ തീരുമാനിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ പിന്നീട് പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിക്കൂവെന്ന് വാര്‍ഡന്‍ അറിയിച്ചു.