തിരുവനന്തപുരം കുമാരപുരത്തുള്ള റെസിഡന്റ് അസോസിയേഷന് കീഴിലുള്ള വീടുകള്‍ ഇനിമുതല്‍ ടി.വി. സീരിയല്‍ കാണില്ല; പകരം വൈകുന്നേരങ്ങളില്‍ വായിക്കാന്‍ അസോസിയേഷന്‍ പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കും

single-img
18 December 2014

sddefaultതുടക്കം മിക്കപ്പോഴും തലസ്ഥാന നഗരിയില്‍ നിന്നായിരിക്കും. ഇവിടെയും അതുതന്നെ സംഭവിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു റെസിഡന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള കുടുംബങ്ങള്‍ ഒന്നടങ്കം വൈകുന്നേരങ്ങളിലെ ടി.വി.സീരിയല്‍ കാണേണ്ട എന്നു തീരുമാനിച്ചു. പകരം കുടുംബങ്ങളില്‍ വായിക്കാന്‍ വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എത്തിക്കാനും തീരുമാനമായി.

തിരുവനന്തപുരം നഗരത്തിലെ കുമാരപുരത്തുള്ള പൊതുജനം റോഡ് റെസിഡന്റ്‌സ് അസോസിയേഷനാണു വിപ്ലവകരമായ ഈ തീരുമാനത്തിന് പിന്നില്‍. ഇക്കാലത്തെ സീരിയലുകള്‍ കുടുംബങ്ങള്‍ക്കു തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതായി അവര്‍ നടത്തിയ പഠനത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു ഈ തീരുമാനമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ജനുവരി മുതല്‍ അസോസിയേഷന്റെ കീഴിലുള്ള 230 കുടുംബങ്ങള്‍ സീരിയല്‍ കാണല്‍ അവസാനിപ്പിക്കും. കുടുംബങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും സീരിയലുകള്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അസോസിയേഷന്റെ നേതൃത്വത്തില്‍ വീടുകളില്‍ പഠനം ആരംഭിച്ചിരുന്നു. ഒരു മാസത്തോളം നീണ്ട പഠനത്തില്‍ സീരിയലുകള്‍ ജീവിതത്തില്‍ തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്നും പലരുടേയും ജീവിതത്തെ ഇതു ബാധിക്കുന്നുവെന്നും കണ്ടെത്തുകയായിരുന്നു.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ സീരിയലുകള്‍ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ അഭിപ്രായരൂപീകരണം നടത്തുകയും ഭൂരിപക്ഷം അംഗങ്ങളും സീരിയല്‍ വേണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നു സീരിയല്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ആദ്യഘട്ടമായി 30 വീടുകളിലെ അംഗങ്ങള്‍ സീരിയല്‍ കാണുന്നത് ഉപേക്ഷിച്ചു.

സീരിയല്‍ ഉപേക്ഷിച്ച കുടുംബങ്ങള്‍ക്കു തങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ വിശദീകരിക്കാനുള്ള അവസരവും റെസിഡന്റ്‌സ് അസോസിയേഷന്‍ ഒരുക്കിയിരുന്നു. ഓരോ വീടുകളിലും പുസ്തകങ്ങള്‍ വിതരണം ചെയ്തു. മാത്രമല്ല വീട്ടിലെ കുട്ടികളുമായി സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ക്കു കൂടുതല്‍ അവസരം നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. അതിന്റെ മുന്നോടിയായി അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്ലബ്ബ് രൂപീകരിച്ച് വൈകുന്നേരം അഞ്ചിനും രാത്രി പത്തിനും ഇടയില്‍ രണ്ടു മണിക്കൂര്‍നേരം അസോസിയേഷനിലുള്ളവര്‍ ഒത്തുചേരുന്ന ഒരു കൂട്ടായ്മയും നടക്കുന്നുണ്ട്. അതില്‍ കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കും.

വൈകുന്നേരങ്ങളിലെ സീരിയല്‍ മൂലം പല കുടുംബങ്ങളിലും അംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം കുറഞ്ഞതായി ബോധ്യപ്പെട്ടതിനെത്തുര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്ന് അസോസിയേഷന്‍ സെക്രട്ടറി ഡോ. അശ്വകുമാര്‍ പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് ആദ്യ മാലിന്യമുക്ത പ്രദേശമായി മാറി പൊതുജനം റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായിരുന്നു.