മോഷ്ടിച്ച പത്തുലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളുമായി പ്രതി കോടതിയില്‍ കീഴടങ്ങി

single-img
10 December 2014

theifഅടിമാലി: കടയില്‍ നിന്നും മോഷ്ടിച്ച പത്തുലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളുമായി മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്‌നാട്‌ തിരുനെല്‍വേലി മേലേപ്പാളയം സുലൈമാനാ(35)ണ്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരായത്‌. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ രാജാക്കാട്‌ ടൗണിലെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നും മൊബൈലുകൾ കവര്‍ന്നത്.ഇന്നലെ വൈകിട്ട്‌ നാലുമണിയോടെ ഓട്ടോറിക്ഷയില്‍ കോടതിയുടെ മുന്‍പില്‍ എത്തിയ പ്രതി, താന്‍ രാജാക്കാട്‌ മൊബൈല്‍ കടയിലെ മോഷണം നടത്തിയാളാണെന്നും മോഷ്‌ടിച്ച ഫോണുകള്‍ തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞാണ്‌ കോടതിയില്‍ ഓടിക്കയറിയത്‌. ഈ സമയം കോടതിയില്‍ മറ്റൊരു കേസിന്റെ വിചാരണ നടക്കുകയായിരുന്നു. തുടര്‍ന്ന്‌ സംഭവം ചോദിച്ച്‌ മനസിലാക്കിയ മജിസ്‌ട്രേറ്റ്‌ സുലൈമാനെ റിമാന്റ്‌ ചെയ്‌ത്‌ ജയിലിലേക്ക്‌ അയച്ചു.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന മൊബൈലുകള്‍ എണ്ണി തിട്ടപ്പെടുത്തി താല്‍ക്കാലികമായി കോടതിയില്‍ സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു. കോടതിയില്‍ അപേക്ഷ നല്‍കി പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്‌റ്റഡിയില്‍ വാങ്ങും. ഇതേ കേസില്‍ ഇയാളുടെ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ പ്രതി ചേര്‍ത്ത്‌ റിമാന്‍ഡിലായിരുന്നു.
ഇതിന്റെ മനോവിഷമമാണ്‌ കോടതിയില്‍ സ്വയം കീഴടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മോഷണ മുതലില്‍ ഒരു ഫോണ്‍ മാത്രം തമിഴ്‌നാട്ടില്‍ വെച്ച് വിറ്റ പണം കൊണ്ടാണ്‌ ഇവിടെ എത്തിയതെന്നും. മോഷണമുതലില്‍ ബാക്കിയുള്ളവ ചാക്കുകളിലാക്കി മധുരയിലെ ലോഡ്‌ജ്‌ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും സുലൈമാന്‍ കോടതി പരിസരത്തു വച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.