കോഴിക്കോട് ചുംബന സമരം: സമരത്തിനെത്തിയവരെ അറസ്റ്റു ചെയ്തു,സംഘര്‍ഷം

single-img
7 December 2014

ki‘കിസ് ഓഫ് ലൗ’ പ്രവര്‍ത്തകര്‍ കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തിനിടെ സംഘര്‍ഷം.മൊഫ്യൂസല്‍ ബസ്റ്റാന്‍ഡില്‍ സമരം നടത്തിയവരെ ഹനുമാന്‍ സേനക്കാര്‍ ആക്രമിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി. സമരക്കാരെയും സമരം തടയാനെത്തിയവരെയും പൊലീസ്​ അറസ്റ്റ് ചെയ്​തു.

 
നാലു പെൺകുട്ടികളും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പെടുന്നു. സമരമക്കാരോട് കൂട്ടം കൂടി നിൽക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമരക്കാർ ഇത് ഗൗനിക്കാതെ വന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ അറസ്റ്റു ചെയ്യുകയായിരുന്നു.അതേസമയം പല യുവാക്കളെയും വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. സമരക്കാരും സമരം കാണാനെത്തിയവരും സമരത്തെ എതിര്‍ക്കുന്നവരും ഒന്നിച്ചതോടെ നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.

 
സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഹനുമാന്‍ സേന ആക്രമണം നടത്തി. സമരക്കാരെ പിന്തുണച്ച് സാംസാക്കാരിക പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.കൊച്ചിയില്‍ നടന്ന ചുംബനസമരത്തിന്റെ തുടര്‍ച്ചയാണ് കോഴിക്കോട്ട് നടത്താന്‍ നിശ്ചയിച്ചത്. ‘കിസ് ഓഫ് ലൗ 2.0 മലബാര്‍’ എന്നായിരുന്നു കോഴിക്കോട്ടെ സമരത്തിന്റെ പേര്.

 
സ്ത്രീകള്‍ ഏറ്റവുമധികം ചോദ്യംചെയ്യപ്പെടുകയും സദാചാരപ്പോലീസിങ് നിരന്തരം നടക്കുകയുംചെയ്യുന്ന ഇടമായതുകൊണ്ടാണ് ബസ്സ്റ്റാന്‍ഡ് സമരത്തിന് തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയമാധ്യമങ്ങള്‍വരെ കോഴിക്കോട്ട് എത്തി. കസ്റ്റഡിയിലെടുത്ത സ്ത്രീകളടക്കമുള്ള സമരക്കാരെ പോലിസ് മര്‍ദ്ദിച്ചതായി സമരക്കാരുടെ സംഘടനാ നേതാക്കള്‍ ആരോപിച്ചു. ഇതിനിടെ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തെഹല്‍ക റിപ്പോര്‍ട്ടറെയും പോലീസ് അറസ്റ്റു ചെയ്തു.

 
എന്നാല്‍ സമരത്തിനെത്തിയ വ്യക്തിയെന്ന് തെറ്റിദ്ധരിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വിശദീകരിച്ചു .അതിനിടയില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരക്കാര്‍ ചുംബിച്ചു.അതിനിടയില്‍ തിരക്കഥാകൃത്ത് ദീദി ദാമോദരനെ ശിവസേനക്കാര്‍ മര്‍ദ്ദിച്ചു. ദീദിയും ഭര്‍ത്താവ് പ്രേംചന്ദും പരസ്യമായി ചുംബിച്ചപ്പോഴാണ് ശിവസേനയുടെ കയ്യേറ്റം.