വെറും രണ്ട് സെന്റ് ടെറസില്‍ കാര്‍ഷിക വിസ്മയം സൃഷ്ടിച്ച് ജനപ്രതിനിധിയുടെ ജൈവ പച്ചക്കറിത്തോട്ടം

single-img
6 December 2014

Sunil 3

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഠൗണ്‍ ഉള്‍പ്പെടുന്ന നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധി ഡി.സുനില്‍ ഇന്ന് പ്രജകള്‍ക്ക് ഒരു മാതൃകയാണ്. വീട്ടുവളപ്പിലെ ജൈവപച്ചക്കറിയിലൂടെ ആരോഗ്യ- സാമൂഹിക സുരക്ഷ ലക്ഷ്യമിടുന്ന പുതുകേരളത്തിലെ ഒരു കാര്‍ഷിക അത്ഭുതം. തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ടെറസില്‍ ഏകദേശം അഞ്ഞുറോളം ഗ്രോബാഗുകളിലായാണ് സുനില്‍ തന്റെ ജൈവ വിസ്മയം സൃഷ്ടിച്ചിരിക്കുന്നത്.

നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പറായ സുനില തന്റെ ജോലിത്തിരക്കിനിടയിലാണ് ഹരിതസമൃദ്ധിക്കു വേണ്ടി സമയം കണ്ടെത്തുന്നത്. തന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ വെഞ്ഞാറമൂട് ഠൗണില്‍ തന്നെയുള്ള കെട്ടിടത്തിന്റെ ടെറസില്‍ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം പച്ചപ്പ് പുതപ്പിച്ചത്. ഇന്ന് നൂറ്റിയമ്പതോളം ഗ്രോബാഗുകളില്‍ നട്ടിരിക്കുന്ന പയറുള്‍പ്പെടെ ചീരയും പാവലും, പടവലവും മുളകുകളും, വഴുതനങ്ങയും അങ്ങനെവേണ്ട, ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം നൂറുമേനി വിളഞ്ഞു നില്‍ക്കുകയാണ്.

 

രാസവളം ഒട്ടുമേ പ്രയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിയാണ് സുനിലിനെ വ്യത്യസ്ഥനാക്കുന്നത്. ചാണകവും കോഴിക്കാഷ്ടവുമാണ് പ്രധാനമായി വളത്തിനുപയോഗിക്കുന്നത്. ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാനും ജൈവകീടനാശിനി തന്നെയാണ് ഉപയോഗിക്കുന്നത്. പുകയിലയും സോപ്പും മിക്‌സ് ചെയ്ത പുകയില കഷായം ഇക്കാര്യത്തില്‍ ഒന്നാമനാണെന്നും സുനില്‍ സാക്ഷ്യപ്പെടുത്തുന്നു.

Sunil 5

മണിത്തക്കാളിയും ആനക്കൊമ്പന്‍ വെണ്ടയുമാണ് സുനിലിന്റെ ടെറസ് തോട്ടത്തിലെ മുഖ്യ ആകര്‍ഷണം. ഇവയെക്കൂടാതെ പയര്‍, പടവലം, പാവല്‍, ചീര, വഴുതന, കത്രിക്ക, സലാഡ് വെള്ളരി, കുറ്റിവാളരി എന്നിവയും ധാരാളമായി ടെറസിനെ അലങ്കരിക്കുന്നു. ദിനംപ്രതി രണ്ട് വലിയകെട്ട് വള്ളിപ്പയര്‍ സുനില്‍ ഈ തോട്ടത്തില്‍ നിന്നും വിളവെടുക്കുന്നു. ജൈവവളം സ്വന്തമായി ഉണ്ടാക്കിയെടുക്കുവാന്‍ പൈപ്പ് കമ്പോസ്റ്റ് യുണീറ്റും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.Sunil 2

 

പെട്ടെന്ന് തുടങ്ങിയ കൃഷിയാവേശം പിന്നെ ലഹരിയായി മാറുകയായിരുന്നു സുനിലിന്. ഇന്ന് വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറിയെടുത്ത ശേഷം വീണ്ടും ഒത്തിരി അധികം വരുന്നത് സ്‌നേഹിതര്‍ക്കും അയല്‍ക്കാര്‍ക്കും കൊടുക്കുകയാണ് സുനില്‍. അവരും കഴിക്കട്ടെ വിഷമയമില്ലാത്ത നല്ല ഭക്ഷണം എന്നുള്ളതാണ് സുനിലിന്റെ പോളിസി.

കൃഷി കുറേക്കൂടി വിപുലപ്പെടുത്തി വ്യാപിക്കാന്‍ തന്നെയാണ് സുനില്‍ പദ്ധതിയിടുന്നത്. കൂടുതല്‍ കുടുംബങ്ങളെ ഇതിലേക്ക് ഉള്‍പ്പെടുത്തി രാസവളത്തിന്റെയും വിഷ കീടനാശിനികളുടെയും പിടിയില്‍ നിന്ന് കുതറിമാറി ജൈവരീതിയിലൂടെ ഉത്പാദിപ്പിച്ചെടുത്ത നല്ല പച്ചക്കറികള്‍ക്കായുള്ള ഒരു കാര്‍ഷിക ചന്ത വെഞ്ഞാറമൂട്ടില്‍ തുടങ്ങണമെന്നതും സുനിലിന്റെ സ്വപ്‌നമാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പണിപ്പുരയിലാണ് അദ്ദേഹം ഇന്ന്.

Sunil 6