വെറും 40 മിനിട്ടുകൊണ്ട് സുനു ആനന്ദും വിഷ്ണുവും പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പറന്നെത്തി; അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനില്‍ജോര്‍ജ്ജിന്റെ ജീവനുമായി

single-img
6 December 2014

Sanu and Vishnuപത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച അനില്‍ജോര്‍ജ്ജിന്റെ ജീവനുമായി സുനു ആനന്ദും വിഷ്ണുവും പറന്നു. തടസ്സങ്ങള്‍ അതിജീവിച്ച് ഒരു ജീവനുവേണ്ടി അവരെടുത്ത ആ ശ്രമം വ്യഥാവിലായില്ലെന്നുള്ള ചാരതാര്‍ത്ഥ്യവുമായി അവര്‍ മടങ്ങി.

ഇന്ന് രാവിലെ 9 മണിക്ക് പത്തനംതിട്ടയില്‍ വെച്ചാണ് ഇടത്തിട്ട സ്വദേശി അനില്‍ ജോര്‍ജ്ജ് ഓടിച്ച ബൈക്ക് അയ്യപ്പ ഭക്തന്‍മാര്‍ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചത്. ഇടയില്‍ തലതകര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട അനില്‍ ജോര്‍ജ്ജിനെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് 1298 ആംബുലന്‍സ് ഡ്രൈവര്‍ സുനുവും മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിഷ്ണുവും എത്തി പ്രാഥമിക ശുശ്രൂഷ നല്‍കി പത്തനംതിട്ട മറിയം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ സ്ഥിതി അതീവഗുരുതരമാണെന്നു മനസ്സിലാക്കി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്രയും പെട്ടെന്ന് പ്രവേശിപ്പിക്കാനാണ് അവര്‍ പറഞ്ഞത്. അതിനിടയില്‍ വിഷ്ണു അറിയിച്ചതനുസരിച്ച് അനിലിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. എത്രയും വേഗം അനന്തപരിയിലേക്ക് അനിലിനെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നേരിയ പ്രതീക്ഷയുടെ പിന്‍ബലത്തില്‍ അവര്‍ ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് വിടുകയായിരുന്നു.

വെറും 40 മിനിറ്റുമാത്രമെടുത്ത് അനിലിന്റെ ജീവനുമായി അനന്തപുരിക്ക് മുന്നില്‍ അവരുടെ ആംബുലന്‍സ് മബ്രക്കിടുമ്പോള്‍ ആ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ വിധി തോല്‍ക്കുകയായിരുന്നു.