ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം

single-img
6 December 2014

Babriസ്വതന്ത്ര ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടും ഇതുവരെ ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവും രണ്ടല്ല, ഒന്നുതന്നെയാണ്. ഇന്ന് 22 വര്‍ഷം പിന്നിടുന്ന, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതേതര മൂല്യത്തിന്റെ തളക്കം മങ്ങിപ്പിച്ച ബാബറി മസ്ജിദ് തകര്‍ക്കല്‍ സംഭവം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. സംഭവം നടന്ന് രണ്ടുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഭൂരിപക്ഷവും ന്യൂനപക്ഷവുമെന്ന ജനാധിപത്യത്തിന് ആശാസ്യമല്ലാത്ത രണ്ട് ധ്രുവങ്ങള്‍ ഇന്ന് സജീവമായി നില്‍ക്കുന്നതും 1992 ഡിസംബര്‍ 6 ലെ ഈ സംഭവത്തോടുകൂടിതന്നെയാണ്.

16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലത്ത് അയോദ്ധ്യയില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന മുസ്ലീം പള്ളി ശ്രീരാമന്റെ ജന്മസ്ഥലത്താണെന്ന വാദമുയര്‍ത്തി ഹിന്ദു മൗലികവാദ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 1949ല്‍ ഒരു വിഭാഗം പള്ളിക്കകത്ത് കയറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ഇവിടെ ആരാധന അനുവദിക്കണമെന്ന ആവശ്യം മുമന്നാട്ടുവയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ അടിവേരുറച്ചു നില്‍ക്കുന്ന മതേതര മണ്ണ് ഒലിച്ചുപോകുന്നുവെന്നറിഞ്ഞ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്‌റു അന്ന് പള്ളി അടച്ചിട്ടു. കാലങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1985ല്‍ തര്‍ക്കസ്ഥലം ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ആരാധനക്കായി തുറന്നു കൊടുത്തതോടെ വാര്‍ത്തകള്‍ വീണ്ടും ബാബറി മസ്ജിദിനെ തേടിപ്പോയി.

മുത്തശ്ശന്‍ പൂട്ടിക്കെട്ടിയ കുടം ചെറുമകന്‍ തുറന്നുവിട്ടതിന്റെ പ്രത്യാഘാതം നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് 1992 ഡിസംബര്‍ ആറിന് സംഹാരരൂപം ഭാവിച്ചു. ഹിന്ദു വര്‍ഗീയ സംഘടനകളുടെ നേതൃത്വത്തില്‍ ബാബറി മസ്ജിദ് അന്ന് ഭാഗികമായി പൊളിക്കപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് മുബൈയില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളുണ്ടായി. 2000ലധികം പേരാണ് വര്‍ഗീയ കലാപങ്ങളില്‍ അന്ന് കൊല്ലപ്പെട്ടത്. രാമജന്മഭൂമി വിവാദം ഉയര്‍ത്തിക്കാട്ടി ബിജെപി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്ന കാഴ്ചയ്ക്കും വരും കാലങ്ങളില്‍ ഇന്ത്യ സാക്ഷ്യം വഹിച്ചു

1992 ഡിസംബര്‍ 16ന് മസ്ജിദ് തകര്‍ത്തതും തുടര്‍ന്നുള്ള വര്‍ഗീയ കലാപങ്ങളും അന്വേഷിക്കുന്നതിന് ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ അധ്യക്ഷനായി കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. എന്നാല്‍ കമ്മീഷന്‍ 17 വര്‍ഷത്തിന് ശേഷം 2009 ജൂണ്‍ 30നാണ് റിപ്പോട്ട് സമര്‍പ്പിച്ചത്.

മസ്ജിദ് തകര്‍ത്തതിന് ഉത്തരവാദികളായി ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, എബി വാജ്‌പേയ്, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, മസ്ജിദ് തകര്‍ത്ത സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് തുടങ്ങിയവരടക്കം രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി 68 പേരെയാണ് ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയത്.

2010 സെപ്തംമ്പര്‍ 30ന് ബാബറി മസ്ജിന്റെ ഭൂമി മൂന്നായി പകുത്തുകൊണ്ട് അലഹബാദ് ഹൈകോടതി വിധി പറഞ്ഞു. തര്‍ക്കഭൂമിയുടെ മൂന്നിലൊരുഭാഗം നിര്‍മോഹി അഖാര ഹൈന്ദവ സന്യാസികള്‍ക്കും, മറ്റൊരു മൂന്നിലൊന്ന് ഭാഗം ഹിന്ദുമഹാസഭക്കും ബാക്കി മൂന്നിലൊരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും വിട്ടു കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. വിവാദമായ അയോദ്ധ്യാ ഭൂമി പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും കോടതി വിജ്ഞാപനം വെളിപ്പെടുത്തി. എന്നാല്‍ 2011 മെയ് 8ന് അലഹബാദ് ഹൈകോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ബാബറി മസ്ജിദ് കേസില്‍ തുടക്കം മുതല്‍ നിയമപോരാട്ടം നടത്തുന്ന മുഹമ്മദ് ഹാഷിം അന്‍സാരി കേസില്‍ നിന്ന് പിന്മാറിയതും വാര്‍ത്തയായിരുന്നു.