കേന്ദ്രമന്ത്രിയുടെ വിവാദ പ്രസംഗം;പാര്‍ലമെന്റിനു മുന്നില്‍ വായമൂടിക്കെട്ടി രാഹുല്‍ഗാന്ധിയുടെ പ്രതിഷേധം

single-img
5 December 2014

rahul-gandhiവിവാദ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളം പാര്‍ലമെന്റിന്റെ ഇരു സഭകളെയും തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിപ്പിച്ചു. കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ വായമൂടിക്കെട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. പാര്‍ലമെന്റില്‍ ജനാധിപത്യ ചര്‍ച്ചകള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് രാഹുല്‍ പറഞ്ഞു. സഭയ്ക്കകത്തും വായമൂടിക്കെട്ടി പ്രതിഷേധിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

വിവാദ പരാമര്‍ശത്തില്‍ സാധ്വി നിരഞ്ജന്‍ ജ്യോതി മാപ്പപേക്ഷിച്ച സാഹചര്യത്തില്‍ സഭാനടപടികളുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാധ്വി നിരഞ്ജന്‍ ജ്യോതിയെ താക്കീത് ചെയ്തിട്ടുണ്ടെന്നും മോദ പറഞ്ഞു. എന്നാല്‍ സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. വിവാദ പ്രസംഗത്തെ അപലപിച്ച് പ്രമേയം പാസാക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമായിരുന്നു സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പരാമര്‍ശം. രാമനില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ടു ചെയ്യുന്നോ അതോ അവിശ്വാസികള്‍ക്ക് വോട്ടു ചെയ്യുന്നോ എന്നും സാധ്വി ജനങ്ങളോട് ചോദിച്ചിരുന്നു.