ദുബായിലും,ഇറാനിലും,ഇറാഖിലും,ബംഗ്ലാദേശിലും ഇല്ലാത്ത പർദ്ദ ഇവിടെയെന്തിന്;പർദ്ദ പ്രസ്താവനയ്ക്കെതിരെ ന്യൂനപക്ഷ കമ്മീഷൻ അയച്ച നോട്ടീസ് പുശ്ചത്തോടെ തള്ളുന്നു: ഫസൽ ഗഫൂർ

single-img
5 December 2014

fazal-gafoor-kozha_1പർദ്ദയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ന്യൂനപക്ഷ കമ്മീഷൻ അയച്ച നോട്ടീസ് പുച്ഛത്തോടെ തളളുന്നുവെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ.ധരിക്കുന്ന തുണി കുറഞ്ഞാലും കൂടിയാലും അത് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു.
അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ന്യൂനപക്ഷ കമ്മിഷന്റെ അധികാരങ്ങളും പരിമിതികളും അറിയാത്തതുകൊണ്ട് ചെയ്ത ഒരു മണ്ടത്തരമാണിത് എന്ന് മാത്രമേ ഈ കാര്യത്തില്‍ പറയാനുളളുവെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

സംഘടനയുടെ സെമിനാറിൽ അഭിപ്രായപ്രകടനം നടത്തിയതിൽ ഒരു തെറ്റും കാണുന്നില്ല. കേരളത്തിൽ മതമൗലികവാദം അത്രയ്ക്ക് വളർന്നുപോയോ. മുസ്ലിം രാഷ്ട്രങ്ങളായ ദുബായ്, ഇറാൻ, ഇറാഖ്, ബംഗ്ളാദേശ് എന്നിവിടങ്ങളിലൊന്നും സ്ത്രീകൾ പർദ്ദ ധരിക്കുന്നില്ല. അഭിപ്രായസ്വാതന്ത്ര്യത്തെ എതിർക്കുന്ന വേട്ടക്കാരൻ വേട്ടയാടപ്പെടുമെന്ന ഒരു മുന്നറിയിപ്പ് കൂടി നൽകാൻ താൻ ആഗ്രഹിക്കുകയാണെന്നും ഫസൽ ഗഫൂർ പറഞ്ഞു.

മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ തികഞ്ഞ അസംതൃപ്തിക്കും പ്രതിഷേധത്തിനും കാരണമായിരിക്കുകയാണെന്ന് ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി ആരോപിച്ചിരുന്നു.ഫസൽ ഗഫൂറിന്റെ പ്രസ്താവനയ്ക്കെതിരെ വിവിധ മുസ്ലീം നേതാക്കളും രംഗത്ത് വന്നിരുന്നു