കേരളം സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കുമെന്ന് ഉമ്മന്‍ ചാണ്ടി

single-img
7 November 2014

Oommen chandy-9കേരളത്തിന്റെ മണ്ണും വായുവും ജലവും ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2016നകം സംസ്ഥാനത്ത് സമ്പൂര്‍ണ ജൈവകൃഷി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗ്ലോബല്‍ അഗ്രോ മീറ്റിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യത്തിനു ഹാനികരമായ കീടനാശിനികളും രാസവളങ്ങളും ഒഴിവാക്കിയുള്ള കൃഷിരീതിയിലേക്കു സംസ്ഥാനം ചുവടുവച്ചു കഴിഞ്ഞു. കാസര്‍ഗോട്ട് തുടക്കം കുറിച്ച പദ്ധതി അടുത്ത ഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്കു വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യയും സംസ്‌കരണരീതികളും പ്രയോജനപ്പെടുത്തിയുള്ള കൃഷിരീതികളിലൂടെ കാര്‍ഷികരംഗത്ത് നിലവിലുള്ള പരിമിതികള്‍ മറികടക്കാന്‍ കഴിയും. കാര്‍ഷികോത്പന്നങ്ങള്‍ മൂല്യവര്‍ധിതമാക്കുന്നതിന് ഉത്തമോദാഹരണമാണു നീര. തെങ്ങില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നീരയുടെ ശേഖരണത്തിനും വിപണനത്തിനും ലൈസന്‍സ് നല്‍കുന്നതിനായി കോക്കനട്ട് നീര ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഇവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.