ഏഷ്യാനെറ്റ് ന്യൂസ് വെബ് സോഷ്യല്‍ മീഡിയാ കോ-ഓര്‍ഡിനേറ്റർ രാഹുല്‍ വിജയ് അന്തരിച്ചു

single-img
19 October 2014

rahulഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗത്തില്‍ സോഷ്യല്‍ മീഡിയാ കോ-ഓര്‍ഡിനേറ്ററായിരുന്ന രാഹുല്‍ വിജയ് (29) അന്തരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സുദര്‍ശന ഭവനില്‍ വിജയന്റെ മകനാണ്. വനജയാണ് അമ്മ.സംസ്കാരം തിങ്കളാഴ്ച കാലത്ത് 8 മണിക്ക് സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടം അമ്പലം ശ്മശാനം.

 
കേരള പ്രസ് അക്കാദമിയില്‍നിന്ന് 2008 ല്‍ ജേണലിസം ഡിപ്ലോമ നേടിയ ശേഷം വീക്ഷണം, കേരളകൗമുദി ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരളകൗമുദി വയനാട് ബ്യൂറോ ചീഫ് ആയിരുന്നു. മുന്‍ മന്ത്രി സുരേന്ദ്രന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു.പത്രപ്രവര്‍ത്തന രംഗത്തു നിന്ന് ഭാഷാ സാങ്കേതിക രംഗത്തേക്ക് എത്തിയ രാഹുല്‍ ഓണ്‍ലൈനില്‍ മലയാളം ഉപയോഗിക്കാന്‍ ലോകമെങ്ങും നടന്ന ശ്രമങ്ങളിലെ മുഖ്യ പങ്കാളിയായിരുന്നു.

 
സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിലും മലയാള ഭാഷാ സാങ്കേതിക രംഗത്തെ പ്രധാന കൂട്ടായ്മകളിലും സജീവമായിരുന്നു. മലയാളത്തില്‍ ആദ്യമായി പത്ര പ്രസാധനത്തില്‍ യൂനി കോഡ് ഉപയോഗിച്ചത് രാഹുലിന്റെ നേതൃത്വത്തിലായിരുന്നു.ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ തെറ്റില്ലാതെ മലയാളം ടൈപ്പ് ചെയ്യാനുള്ള ആപ്ലിക്കേഷനുകള്‍ രാഹുല്‍ വികസിപ്പിച്ചു.

 
ഇന്നുപയോഗിക്കുന്ന പല മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും മലയാളം മാനുവല്‍ തയ്യാറാക്കിയത് രാഹുല്‍ ആണ്.കേരളത്തിലെ ചുരുക്കം യൂ ട്യൂബ് സര്‍ടിഫൈഡ് പ്രൊഫഷണലുകളില്‍ ഒരാളാണ്. രണ്ടു മാസം മുമ്പാണ് രാഹുല്‍, ഈ നേട്ടം കൈവരിച്ചത്.