കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി അമൃതും കൃഷ്ണയും തിരിച്ചേല്‍പ്പിച്ചു

single-img
7 October 2014

amruthറോഡില്‍ നിന്നും കളഞ്ഞു കിട്ടിയ ബാഗും ഒരുലക്ഷം രൂപയും ഉടമസ്ഥനെ കണെ്ടത്തി തിരികെ നല്‍കി ഏവര്‍ക്കും മാതൃകയായിരിക്കുകയാണ് പത്രവിതരണക്കാരായ ഈ യുവാക്കള്‍. സത്യസന്ധതയാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമെന്ന് തിരിച്ചറിഞ്ഞ ഈ യുവാക്കളെ നാട്ടുകാര്‍ പ്രശംസകൊണ്ട് മൂടുകയാണ്.

കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പാലാ-രാമപുരം റോഡില്‍ ചക്കാമ്പുഴയില്‍ നിന്നാണ് ഇവര്‍ക്ക് ബാഗ് കളഞ്ഞുകിട്ടിയത്. രാമപുരത്തിന് പെട്രോളടിക്കാന്‍ പോവുകയായിരുന്നു സുഹൃത്തുക്കള്‍. വാഹനം കയറി തകര്‍ന്ന നിലയിലുള്ള ബാഗില്‍ നിന്നും താക്കോല്‍ക്കൂട്ടവും തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചതിനാല്‍ ഇടക്കോലി സ്വദേശി വിജയന്റെ ബാഗാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ വിജയനെ കണെ്ടത്തി പണവും ബാഗും കൈമാറുകയായിരുന്നു.

ആമേറ്റുപള്ളിയില്‍ ഷാപ്പു നടത്തുന്ന വിജയന്‍ തിരികെ വീട്ടിലേയ്ക്കു മടങ്ങും വഴിയാണു തുക നഷ്ടപ്പെട്ടത്. പാലാ സെന്റ് തോമസ് കോളജ് ബിഎ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അമൃത് രാജിന്റ പിതാവ് ഏഴു വര്‍ഷം മുമ്പ് അര്‍ബുദബാധയെത്തുടര്‍ന്ന് മരിച്ചതിനുശേഷം അമ്മ വീട്ടുപണികള്‍ നടത്തിയാണു കുടുംബം പോറ്റുന്നത്. അമൃത്‌രാജ് പത്രവിതരണം നടത്തിയാണ് പഠനച്ചെലവ് കണെ്ടത്തുന്നത്. കൂട്ടുകാരന്‍ കൃഷ്ണപ്രസാദ് സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ പുറമ്പോക്കിലെ ഷെഡിലാണു താമസം. പിതാവ് കൂലിപ്പണിക്കാരനും മാതാവ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമാണ്.