നികുതിനിഷേധത്തിനുള്ള സി.പി.എമ്മിന്റ ആഹ്വാനം ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി കെ.എം. മാണി

single-img
19 September 2014

maniസിപിഎമ്മിന്റെ നികുതിനിഷേധത്തിനുള്ള ആഹ്വാനം ജനാധിപത്യവിരുദ്ധവും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമവുമാണെന്നു ധനമന്ത്രി കെ.എം. മാണി. ജനങ്ങള്‍ ഈ ആഹ്വാനം തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം ഇടതുമുന്നണി നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെട്ടു. അതിന്റെ നിരാശയിലാണു നികുതിനിഷേധത്തിനു സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതൊരു ജനാധിപത്യ പാര്‍ട്ടിക്കു ചേര്‍ന്നതല്ല. വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും മാത്രമേ ഇതു സഹായിക്കൂ.

സാധാരണക്കാരെ ബാധിക്കുന്ന അധിക നികുതിഭാരമൊന്നും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. മദ്യവര്‍ജനത്തെ അനുകൂലിക്കുന്ന സിപിഎമ്മിനു മദ്യത്തിനും സിഗരറ്റിനും നികുതി ഉയര്‍ത്തിയതിലുള്ള വിരോധം അവരുടെ കാപട്യമാണു തുറന്നുകാണിക്കുന്നത്. പ്രതിമാസം 10,000 ലിറ്ററിനു മുകളില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കു മാത്രമാണു രണ്ടു രൂപയുടെ വര്‍ധന വരുത്തിയത്. അതും ജല അഥോറിറ്റിയുടെ നഷ്ടം കുറയ്ക്കാനാണ്; വിഭവ സമാഹരണത്തിനല്ല.