പ്രണയിനികള്‍ക്ക് ഇനി ധൈര്യമായി ഒളിച്ചോടാം; പ്രായപൂര്‍ത്തിയായവര്‍ വിവാഹം കഴിക്കാന്‍ ഒളിച്ചോടിയാല്‍ എന്തു കുറ്റമാണെന്ന് ഹൈക്കോടതി

single-img
13 September 2014

downloadകമിതാക്കള്‍ ഒളിച്ചോടുന്നത് കുറ്റകരമല്ലെന്നും കാമുകീകാമുകന്മാര്‍ ഒളിച്ചോടുന്നതിനെ കുറിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പോലീസിന് അധികാരമില്ലെന്നും കേരള ഹൈക്കോടതി.

കോഴിക്കോട് കുറ്റിയാടി സ്വദേശികളും കമിതാക്കളുമായ ഗൗതം സുധാകരനും അനിഷിദ അബ്ദുള്‍ അസീസും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എബ്രഹാം ജോസഫിന്റെ ഉത്തരവ്. അനിഷിദ കോളേജ് ഹോസ്റ്റലില്‍ നിന്നും മുങ്ങിയെന്നാരോപിച്ച് അവരുടെ പിതാവാണ് കേസ് ഫയല്‍ ചെയ്തത്. ജനുവരി 27 നായിരുന്നു സംഭവം. പക്ഷേ പരാതിയില്‍ ഗൗതമിന്റെ പേരുണ്ടായിരുന്നില്ല. പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കവെ കമിതാക്കള്‍ തങ്ങള്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കുകയും കാമുകിയും കാമുകനും ഒളിച്ചോടിയതിനകത്ത് കുറ്റകൃത്യങ്ങളില്ലെന്നും അതിനാല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞു. ഇത്തരം നിസാരമായ കേസുകളില്‍ പോലീസ് ഇടപെടരുതെന്നും പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പ്രണയിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നുമുള്ള കേസില്‍ എന്ത് കുറ്റകൃത്യമാണുള്ളതെന്നും കോടതി ചോദിച്ചു. വ്യക്തികളെ കാണാതാവുമ്പോള്‍ കണ്ടെത്തേണ്ടത് പോലീസിന്റെ ജോലിയാണ്. എന്നാല്‍ കല്യാണം കഴിച്ച രണ്ടു പേരെ അന്വേഷിച്ച് നടക്കേണ്ട കാര്യം പോലീസിനില്ലെന്നും ഹൈകോടതി പറഞ്ഞു.