കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞു,പത്തുപേര്‍ക്കു പരുക്ക്‌

single-img
27 August 2014

accidentകാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞു പത്തുപേര്‍ക്കു പരുക്ക്‌. രണ്ടു പേരുടെ നില ഗുരുതരം. എം.സി. റോഡില്‍ മണിപ്പുഴയില്‍ പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം.തിരുവനന്തപുരത്തുനിന്നു മടങ്ങുകയായിരുന്ന തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ക്വാളിസ്‌ കാറാണു നിയന്ത്രണംവിട്ടു പാലത്തിന്റെ കൈവരി തകര്‍ത്തു തോട്ടിലേക്കു പതിച്ചത്‌. കാറില്‍ ഡ്രൈവറടക്കം പത്തു യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്‌.

 

തൃശൂര്‍ കല്ലിങ്കല്‍ വീട്ടില്‍ പ്രഭാകരന്‍, ഭാര്യ അജിത, മകന്‍ പ്രശാന്ത്‌, അജിതയുടെ സഹോദരന്‍ പാലയ്‌ക്കല്‍ നെല്ലിക്കല്‍ വീട്ടില്‍ ഷാജി, ഭാര്യ വിജയകുമാരി, മക്കളായ അമൃത, യദുകൃഷ്‌ണന്‍, ഇവരുടെ കുടുംബ സുഹൃത്ത്‌ തൃശൂര്‍ കിടങ്ങല്‍ വീട്ടില്‍ ബെന്‍സി,ഡ്രൈവര്‍ കണ്ണനെന്നു വിളിക്കുന്ന ഗിരീഷ്‌ എന്നിവര്‍ക്കാണു പരുക്കേറ്റത്‌.

 

ഇതില്‍ ഗുരുതരമായി പരുക്കേറ്റ ബെന്‍സിയേയും അമൃതയേയും കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മറ്റുള്ളവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ മറ്റൊരു കുടുംബസുഹൃത്തിനെ പ്രാഥമിക ശുശ്രുഷ നല്‍കി വിട്ടയച്ചു.

 
തിരുവനന്തപുരത്ത്‌ പി.എസ്‌.സി. ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ്‌ വേരിഫിക്കേഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു കുടുംബം. എതിരേവന്ന വാഹനം ഇടിക്കാതിരിക്കാന്‍ ശ്രമിക്കവേ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടു.തുടര്‍ന്ന്‌ പാലത്തിന്റെ കൈവരി ഇടിച്ചു തകര്‍ത്തു തോട്ടിലേക്കു മറിയുകയായിരുന്നു.