റോഡപകടത്തില്‍ തള്ളയെ നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞിനെ നായ വളര്‍ത്തുന്നത് സ്വന്തം പാലുനല്‍കി

single-img
26 August 2014

Mother Dogറോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് തള്ളയെ നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞിന് ഒരു നായ വളര്‍ത്തുന്നു. അതും സ്വന്തം പാലുനല്‍കി. ചേര്‍ത്തല നഗരസഭ 13-ാം വാര്‍ഡില്‍ നടുവിലേഴത്ത് പി.ഗോപാലകൃഷ്ണന്‍ നായരുടെ വീട്ടിലാണ് ഈ അപൂര്‍വ്വ കാഴ്ച.

രണ്ടാഴ്ച പ്രായമുള്ള പൂച്ചക്കുഞ്ഞ് മുന്ന് ദിവസം മുമ്പ് റോഡപകടത്തില്‍ തന്റെ തള്ളയെ നഷ്ടപ്പെട്ടതുമൂലം ഗോപാലകൃഷ്ണന്റെ വീട്ടില്‍ എത്തിയതായിരുന്നു. പൂച്ചക്കുഞ്ഞ് വീടിനുള്ളില്‍ നേരെ ചെന്ന് ചാടിയത് ഡോബര്‍മാന്‍ ഇനത്തില്‍പെട്ട നായയുടെ അടുത്തും. എന്നാല്‍ പട്ടിയും പൂച്ചയും ശത്രുക്കളാണെന്ന പഴങ്കഥയൊന്നും ഇവിടെ ആവര്‍ത്തിച്ചില്ല. തണുത്ത് വിറച്ചുവന്ന പൂച്ചക്കുഞ്ഞിന് ഡോബര്‍മാന്‍ അമ്മയാവുകയായിരുന്നു.

മാത്രമല്ല പൂച്ചക്കുഞ്ഞിന് വയറു വിശന്നപ്പോള്‍ സ്വന്തം പാലു നുകരാനും നായ സമ്മതിച്ചു. നാട്ടുകാര്‍ക്ക് ഒരു കൗതുകക്കാഴ്ചയായി ഇപ്പോള്‍ പോറ്റമ്മയുടെ പാല് കുടിച്ച് നായക്കൂട്ടില്‍ കഴിയുകയാണ് പൂച്ചക്കുട്ടി.