കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം സ്വപ്‌നം മാത്രം ; യാതൊരുവിധ അര്‍ഹതയുമില്ലെന്ന് അറ്റോര്‍ണി ജനറലിന്റെ ഉപദേശം
ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുവാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ലഭിച്ചസ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നതിന് ലോക്‌സഭാ അംഗങ്ങളില്‍ പത്ത് ശതമാനം പേരുടെ പിന്തുണ വേണം എന്നതാണ് ചട്ടം. അതനുസരിച്ച് 53 പേരുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍ കോണ്‍ഗ്രസിന് 44 അംഗങ്ങള്‍ മാത്രമാണുള്ളത്. ചട്ടമനുസരിച്ച് നേതൃസ്ഥാനം പരിഗണിച്ചാല്‍ മതിയെന്നാണ് അറ്റോര്‍ണി ജനറല്‍, സ്പീക്കര്‍ക്ക് നല്‍കിയ നിയമോപദേശം.
1969നു ശേഷം ഇതാദ്യമായാണു ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാതിരിക്കുന്നതെന്ന കോണ്‍ഗ്രസിന്റെ വാദവും സ്പീക്കര്‍ തള്ളി. 1980, 1984 എന്നീ വര്‍ഷങ്ങളില്‍ പ്രതിപക്ഷ നേതൃത്വം ഇല്ലായിരുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ പ്രതിപക്ഷ സ്ഥാനം ലഭിക്കാന്‍ രണ്ടു മാനദണ്ഡങ്ങളാണുള്ളത്. അംഗീകൃത പാര്‍ട്ടിയായിരിക്കണമെന്നതും പത്ത് ശതമാനം അംഗങ്ങള്‍ സഭയില്‍ ഉണ്ടായിരിക്കണമെന്നതുമാണവ. ആവശ്യത്തിന് ആളില്ലാത്തതിനാല്‍ സഖ്യകക്ഷിയായ എന്‍സിപിയെ കൂട്ടു പിടിച്ചാണ് കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചത്.