തളി സാമൂതിരി സ്‌കൂളിലെ ലൈംഗിക വിവാദം; ആരോപണം എന്തുകൊണ്ട് ഇന്നലെ തന്നെ ഉയര്‍ന്നുവന്നു? ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്? എന്തായിരുന്നു ഉദ്ദേശ്യം? ചുരുളുകള്‍ അഴിയുന്നു

single-img
19 August 2014

minor_raped

കോഴിക്കോട് തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ 21 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ ദുരൂഹതയുടെ ചുരുളുകള്‍ അന്വേഷണത്തില്‍ അഴിയുന്നതായി സൂചന. 21 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കാട്ടി ഇന്നലെ മാധ്യമശ്രദ്ധയാകര്‍ഷിച്ച ഈ സംഭവത്തിന് പിന്നില്‍ പ്രസ്തുത സ്‌കൂളിലെ മുന്‍പിടിഎ പ്രസിഡന്റ്, ഇയാളുടെ ഭാര്യ, സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന.

അധ്യാപകൻ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അന്വേഷണത്തിനായി വനിതാ സിഐയെ നിയോഗിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചിത്രകലാ അദ്ധ്യാപകനെതിരെ നടന്നത് ഗൂഡാലോചനയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സ്‌കൂളിലെ 21 പെണ്‍കുട്ടികളെ ചിത്രകലാ അദ്ധ്യാപകന്‍ പീഡിപ്പിച്ചുവെന്ന പരാതിയുമായാണ് മുന്‍പിടിഎ പ്രസിഡന്റ് ഇന്നലെ രംഗത്തു വന്നത്. മുന്‍കൂര്‍ ജാമ്യമെടുത്തായിരുന്നു ഇയാള്‍ ആരോപണം ഉന്നയിച്ചതെന്ന് പോലീസ് കരുതുന്നു. മുമ്പ് ഈ പീഡനവിവരം താന്‍ സ്‌കൂളിനെ അറിയിച്ചിരുന്നെന്നും അതിനാലാണ് പി.റ്റി.എ പ്രസിഡന്റ് സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയെതന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇങ്ങനെയൊരു പ്രസ്താവന ഇയാള്‍ നടത്തിയതിലൂടെ ആരോപണം സത്യമാണെന്ന് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളും പൊതുജനങ്ങളും വിശ്വസിക്കുകയായിരുന്നു.

എന്നാല്‍ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണെ്ടത്തിയിരിക്കുന്നത്. വനിതാ സിഐ ഷാര്‍ലറ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം സ്‌കൂളില്‍ പീഡനത്തിനിരയായതായി പി.റ്റി.എ പ്രസിഡന്റ് ആരോപിക്കുന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസിലെത്തി ചോദ്യാവലി നല്‍കി അത് പൂരിപ്പിച്ച് വാങ്ങിയിരുന്നു. ആരോപണവിധേയനായ അധ്യാപകന്‍ തെറ്റുകണ്ടാല്‍ അടിക്കാറുണെ്ടന്നും ഉച്ചത്തില്‍ ശാസിക്കാറുണ്ടെന്നുമാണ് കുട്ടികള്‍ മൊഴിനല്‍കിയത്. എന്നാല്‍ അധ്യാപകന്‍ ബോധപൂര്‍വം വിദ്യാര്‍ഥിനികളെ സ്പര്‍ശിക്കാറുണെ്ടന്നായിരുന്നു മുന്‍പിടിഎ പ്രസിഡന്റും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ അങ്ങനെയൊരു സംഭവവും ഈ അദ്ധ്യാപകനില്‍ നിന്നും ഉണ്ടായിട്ടില്ലെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കുട്ടികളെ കൃത്യമായി പഠിപ്പിക്കാന്‍ തയാറാകാതിരിക്കുകയും സ്‌കൂളില്‍ പതിവായി അവധിയെടുക്കുകയും ചെയ്ത ഒരധ്യാപകനെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവ് നടപ്പാക്കുന്നതിന് സ്‌കൂള്‍ മാനേജര്‍ ഒരാഴ്ചത്തെ സമയം ചോദിച്ചിരുന്നു. ഈ. സമയം തീരുന്ന ദിവസമായ ഇന്നലെയാണ് ലൈംഗികവിവാദം ഇയര്‍ന്നു വന്നത്. ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടപടി റദ്ദാക്കുമെന്ന് കരുതിയാണ് അധ്യാപകനും പി.റ്റി.എ പ്രസിഡന്റും ഭാര്യയും കൂടി ഇത്തരത്തില്‍ ഒരു ഗൂഡാലോചനയില്‍ പങ്കാളിയായതെന്നാണ് പോലീസ് സംശയിക്കുന്നത്.

നേരത്തെ വിദ്യാര്‍ഥിനികളുടേതെന്ന് തോന്നിക്കുന്ന തരത്തില്‍ ചിത്രകലാ അദ്ധ്യാപകനെതിരെ എഴുതിയ രണ്ടു കത്തുകള്‍ സ്‌കൂളിലെ പരാതിപ്പെട്ടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. വിവാദങ്ങളില്‍ മനംനൊന്ത് ചിത്രകലാ അദ്ധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അടുത്ത മാര്‍ച്ചില്‍ വിരമിക്കാനിരിക്കുന്ന ആളാണ് ഈ അധ്യാപകന്‍, കുട്ടികളുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് പറഞ്ഞ് ഈ അധ്യാപകന്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂള്‍ വിട്ട് പോയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ ഈ കത്തുകള്‍ വിദ്യാര്‍ത്ഥിനികള്‍ എഴുതിയിട്ടില്ലെന്ന് അന്വോഷണത്തില്‍ തെളിഞ്ഞു. അതും കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് പി.റ്റി.എ പ്രസിഡന്റിന്റേയും ഭാര്യയുടേയും ഇടപെടലിെനപ്പറ്റി പോലീസിന് സംശയം തോന്നിത്തുടങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്‍പിടിഎ പ്രസിഡന്റ്, ഭാര്യ എന്നിവരെ ഇന്ന് പോലീസ് ചോദ്യം ചെയ്യാനിരിക്കുകയാണ്.

എന്തായാലും ഇരുപത്തിയൊന്ന് പെണ്‍കുട്ടികളുടെ ഭാവിയേയും സ്‌കൂളിന്റെ പേരിനേയും മുന്‍നിര്‍ത്തി കളിച്ചവര്‍െക്കതിരെ പെണ്‍കുട്ടികളുടെയും സ്‌കൂളിലെ മറ്റു കുട്ടികളുടെയും രക്ഷിതാക്കളില്‍ രോഷം ജ്വലിക്കുകയാണ്.