ചിത്രകലാ അദ്ധ്യാപകന്‍ 21 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി അടിസ്ഥാനരഹിതം; സിറ്റിപോലീസ് കമ്മീഷണര്‍ പരാതി നല്‍കിയ പെണ്‍കുട്ടികളുമായി നേരിട്ട് സംസാരിച്ചപ്പോഴാണ് സത്യം വെളിച്ചത്തായത്

single-img
19 August 2014

minor_rapedകോഴിക്കോട് നഗരത്തിലെ ഒരു സ്‌കൂളിലെ 21 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി ചിത്രകലാ അദ്ധ്യാപകനെതിരെ ഉന്നയിക്കപ്പട്ട ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് വ്യക്തമാക്കി. സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ലൈംഗികച്ചുവയോടെ അഞ്ചും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളോട് പെരുമാറിയെന്ന പരാതിയുമായി ഏതാനും രക്ഷിതാക്കളാണ് ഇന്നലെ മാധ്യമങ്ങളില്‍ വന്നത്.

സ്‌കൂളില്‍ മാസങ്ങള്‍ക്കു മുമ്പു നടന്ന സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും സംഭവത്തില്‍ കര്‍ശനനിലപാടെടുത്ത പിടിഎ പ്രസിഡന്റിനെ തത്സ്ഥാനത്തു നിന്നും നീക്കിയതായും രക്ഷിതാക്കള്‍ ആരോപിച്ചു. ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

മുറിയിലേക്കുവിളിച്ചുവരുത്തി ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതാണ് അധ്യാപകന്റെ പതിവെന്ന കുട്ടികളുടെ സംഭാഷണമുള്‍പ്പെടെയാണു വാര്‍ത്ത പുറത്തുവന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് നേരിട്ട് സ്‌കൂളിലെത്തി. ചില മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ സ്ഥാപിച്ച പോലീസിന്റെ പരാതിപ്പെട്ടിയില്‍ അധ്യാപകനെതിരേ പരാതി എഴുതിയിട്ടിരുന്നു. ഈ കുട്ടികളെ നേരിട്ടുകണ്ടു സംസാരിച്ചതോടെ പരാതി വ്യാജമാണെന്ന് വ്യക്തമായതായി കമ്മീഷണര്‍ പറഞ്ഞു.

അധ്യാപകന്‍ കുറ്റക്കാരനല്ലെന്ന് പിടിഎയും ജാഗ്രതാ സമിതിയും നടത്തിയ അന്വേഷണത്തില്‍ കണെ്ടത്തിയതാണെന്ന്് സ്‌കൂളിലെ പ്രധാനാധ്യാപകനും അറിയിച്ചു. എന്നാല്‍, ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പോലീസിനു വൈകാതെ പരാതി നല്‍കുമെന്നുമാണ് ആരോപണമുന്നയിച്ച രക്ഷിതാക്കള്‍ പറയുന്നത്.