ഓരോ സ്ത്രീയും ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ രാജ്യം അപമാനിക്കപ്പെടുന്നു: നരേന്ദ്ര മോദി

single-img
16 August 2014

modiഓരോ സ്ത്രീയും ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ രാജ്യമാണ് അപമാനിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്കോട്ടയില്‍ തന്റെ കന്നി സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

ആസൂത്രണ കമ്മീഷന്‍ ഉടച്ചുവാര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചില്ല.

നേതാക്കളോ രാജാക്കന്‍മാരോ ഉണ്ടാക്കിയ രാജ്യമല്ല ഇത്. ജനങ്ങള്‍ പടുത്തുയര്‍ത്തിയ രാജ്യമാണ് നമ്മുടേത്, പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളാക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാമപദ്ധതി നടപ്പാക്കും. ഇറക്കുമതി രാജ്യമെന്ന പേരുമാറ്റി ഇന്ത്യയെ കയറ്റുമതി രാജ്യമാക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അക്രമത്തിന്റെ പാത വെടിഞ്ഞ് എല്ലാവരും ഒന്നിച്ച് നില്‍ക്കണം. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്. പിന്നെ എങ്ങനെ രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചു.