ഹൈടെക് ഏര്യകമ്മിറ്റി ഓഫീസിനായി സി.പി.എം ചെലവാക്കിയത് ഒന്നരക്കോടി രൂപ

single-img
11 August 2014

CPIMകണ്ണൂരില്‍ ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിക്കു വേണ്ടി ഒന്നരക്കോടി മുടക്കി മൂന്നു നിലകളിലായി നിര്‍മിച്ച കാവുമ്പായി സ്മാരക മന്ദിരമായ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം 19നു കൃഷ്ണപിള്ള ദിനത്തില്‍ വൈകിട്ട് നാലിനു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍വഹിക്കും. നിലവിലുള്ള ഏരിയാ കമ്മിറ്റി ഓഫീസും സ്ഥലവും ഷോപ്പിംഗ് മാളിനു വേണ്ടി വിറ്റതിനു ശേഷം നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനമാണ് നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സിപിഎമ്മിന്റെ ഏറ്റവും വലുതും ഹൈടെകുമായ ഏരിയാ കമ്മിറ്റി ഓഫീസിണിത്. ഒരു സ്വകാര്യ വ്യക്തിക്കുവേണ്ടി പാര്‍ട്ടിയുടെ കെട്ടിടം വിറ്റതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം ജില്ലാ സംസ്ഥാന ഘടകങ്ങള്‍ പരിശോധന നടത്തിയതിനു ശേഷമാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നത്. പഴയ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടവും 13 സെന്റ് സ്ഥലവും സവകാര്യ വ്യക്തിക്ക് കൈമാറിയതിലൂടെ ഒരു കോടി രൂപയ്ക്ക് അടുത്ത് പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. ഈ തുകയും പാര്‍ട്ടി അംഗങ്ങളില്‍ നിന്നും സമാഹരിച്ച അരക്കോടി രൂപയും ചേര്‍ത്താണ് ശകട്ടിടം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഒന്നരക്കോടി രൂപ ചെലവിട്ട് ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മിച്ചതിനെതിരേ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നുവെങ്കിലും ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള വര്‍ഗബഹുജന സംഘടനകളും പാര്‍ട്ടിയും വിവിധ സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നതിലൂടെ ഒരു വര്‍ഷം ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപയെങ്കിലും വാടക ഇനത്തില്‍ കൊടുക്കുന്നുണ്ടെന്നും അത് ഈ കെട്ടിടം വന്നാല്‍ ലാഭിക്കാമെന്നുമായിരുന്നു നേതാക്കളുടെ വിശദീകരണം.