മോദി അറിയുമോ ഈ കുട്ടികളെ?; ഗുജറാത്തിലെ ഹീരാന്‍ പുഴ അരമണിക്കൂര്‍ നീന്തിക്കടന്ന് സ്‌കൂളില്‍ പോകുന്ന 125 വിദ്യാര്‍ത്ഥികളെ?, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2009-ല്‍ ഇവിടം സന്ദര്‍ശിച്ച് പാലം പണിതു കൊടുക്കാമെന്ന് നല്‍കിയ ഉറപ്പിനെ?

single-img
4 August 2014

Modi 2

ദിവസേന അര കിലോമീറ്ററിലേറെ വീതിയുള്ള ഹീരാന്‍ പുഴ അരമണിക്കൂറു കൊണ്ടു നീന്തിക്കടന്നു സ്‌കൂളില്‍ പോകുന്ന 125 വിദ്യാര്‍ഥികള്‍ ഹീരാന്‍ പുഴയ്ക്കിക്കരെ പതിനാറുഗ്രാമങ്ങളിലായി വസിക്കുന്നുണ്ടെന്ന കാര്യം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓര്‍മ്മയുണ്ടാകുമോ എന്ന കാര്യം അറിയില്ല. പണ്ട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇവിടം സന്ദര്‍ശിച്ച് പാലം പണിതുതരാമെന്ന ഉറപ്പു നല്‍കിയതും മോദിയുടെ ഓര്‍മ്മയിലുണ്ടോ എന്ന കാര്യവും അറിയില്ല. പക്ഷേ അവര്‍ ഇപ്പോഴും സ്‌കൂളില്‍ പോകുകയാണ്, അരമണിക്കൂര്‍ നദി നീന്തിക്കടന്നും അഞ്ചു കിലോമീറ്റര്‍ നടന്നും.

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലെ ഛോട്ടാ ഉദേപ്പൂര്‍ ജില്ലയിലെ ഗോത്രവര്‍ഗ ഗ്രാമമായ സജന്‍പുരയിലെ കുട്ടികളാണ് ഇത്തരത്തില്‍ ദിവസവും സാഹസ സ്‌കൂള്‍ യാത്ര നടത്തുന്നത്. സജന്‍പുര, ചമര്‍വാദ, വാസന്‍, അന്‍ഗഡി, കാശിപുര, കുക്രേലി, ദൂത്പുര്‍, നന്ദ്പൂര്‍, സിത്പാലി, ദേവ്‌ല, സുരാജഗോല, ഹത്‌ഗോല്‍, ധര്‍മപുര തുടങ്ങിയ പതിനാറു ഗ്രാമങ്ങള്‍ക്ക് ഒരു പാലം തരാമെന്ന അന്നത്തെ മഖ്യമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പും അന്നത്തെ റവന്യു മന്ത്രിയും ഇന്നത്തെ മഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിന്റെ ഉറപ്പും പഴങ്കഥയായിട്ട് വര്‍ഷം പലതു കഴിഞ്ഞു.

Modi 1

ഗ്രാമങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 125 വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങളും പുസ്തകങ്ങളും പിച്ചളക്കുടത്തിനകത്താക്കി ആ കുടമുപയോഗിച്ച് നദിയുടെ അക്കരെയിക്കരെ നീന്തുന്ന കാഴ്ചയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രക്ഷകര്‍ത്താക്കളും അവര്‍ക്കൊപ്പം നീന്തുന്നു. നനഞ്ഞ വസ്ത്രങ്ങളുമായി മറുകരയ്‌ക്കെത്തുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും വീണ്ടും അഞ്ചുകിലോമീറ്റര്‍ നടന്ന് സെവാദ ഗ്രമത്തിലെ ഉത്തവാഡി പ്രൈമറി ആന്‍ഡ് അപ്പര്‍ പ്രൈമറി സ്‌കൂളിലെത്തുന്നു.

അതിരാവിലെ വീട്ടില്‍ നിന്നുമിറങ്ങുന്ന കുട്ടികള്‍ സ്‌കളില്‍ പോയിട്ട് തിരികെ വീട്ടിലെത്തുമ്പോള്‍ ഇരുള്‍ പരന്നിരിക്കും. ഈ ആവര്‍ത്തനങ്ങള്‍ക്കും ഗ്രാമമുഖ്യനുള്‍പ്പെടെയുള്ളവരുടെ നിരന്തരമായ നിവേദനങ്ങള്‍ക്കുമൊടുവില്‍ 2009 ല്‍ സാക്ഷാല്‍ നരേന്ദ്രമോദി ഇവിടം സന്ദര്‍ശിച്ചു. പാലം പണിതുതരാമെന്ന റപ്പും നല്‍കിയിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ വന്നുപോയതല്ലാതെ പാലത്തിന്റെ കാര്യത്തില്‍ യാതൊരു തീരുമാനവും ഉണ്ടായില്ല. മൂന്നു വര്‍ഷം മുമ്പ് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ റവന്യൂ മന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലും ഇവിടം സന്ദര്‍ശിച്ച് ഗ്രാമവാസികള്‍ക്ക് പ്രതീക്ഷ നലകിയിരുന്നു. അതിനുശേഷവും വര്‍ഷങ്ങള്‍ കഴിഞ്ഞുപോയതല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല.

3

രാജ്യത്ത് കടുത്ത വേനല്‍കാലത്തു പോലും ഒഴുക്കുള്ള ഹീരാന്‍ നദി മഴക്കാലം വരുന്നതോടെ രൗദ്രഭാവത്തിലാവും. പലകുട്ടികളുടെയും ജീവനും ഈ പുഴ അപഹരിച്ചിട്ടുണ്ട്. എന്നിട്ടും അധികാരികള്‍ക്ക് യാതൊരു ചലനവുമില്ലാത്തതാണ് പലം ഇല്ലാത്തതിനേക്കാള്‍ ഇവിടുള്ള ജനങ്ങളെ വേദനിപ്പിക്കുന്നത്. നദിയില്‍ മുതലകളുണ്ടെങ്കിലും മുതലകള്‍ ആരെയും ആക്രമിച്ചതായി ഗ്രാമവാസികള്‍ ഓര്‍ക്കുന്നില്ല. അധികാരികളേക്കാള്‍ സ്‌നേഹമുള്ള മുതലകളാണ് ഹീരാന്‍ നദിയലുള്ളതെന്നാണ് ഗ്രാമവാസികളുടെ ഭാഷ്യം.