ഗാസയില്‍ മൂന്ന് ദിവസത്തെ വെടി നിര്‍ത്തലിനു ധാരണ            

single-img
1 August 2014
israel-gaza-rocketയു.എന്‍ : ഗാസയില്‍ മൂന്ന് ദിവസത്തെ വെടി നിര്‍ത്തലിന് ഇസ്രായേലും ഹമാസും ധാരണയിലായി .പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ എട്ട് മണിമുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സംയുക്തമായാണ് മാനുഷിക പരിഗണന മാനിച്ച് ഇരുകൂട്ടരും വെടിനിര്‍ത്തിയതായ പ്രഖ്യാപനം നടത്തിയത്.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും പരിക്കേറ്റവരുടെ അടിയന്തര വൈദ്യസഹായത്തിനും , ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിക്കുന്നതിനും വെടിനിര്‍ത്തല്‍ സമയം ഉപയോഗപ്പെടുത്താന്‍ കെറിയും , ബാന്‍ കി മൂണും  അഭിപ്രായപ്പെട്ടു.
 ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഫോണ്‍മുഖേന ഇരുരാജ്യങ്ങളിലേയും പ്രധാന നേതാക്കളുമായി  ചര്‍ച്ചനടത്തിയ  ജോണ്‍ കെറി വ്യാഴാഴ്ച രാത്രി ഇരു രാജ്യങ്ങളും  വെടിനിര്‍ത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു.അതേ സമയം തന്നെയാണ് ന്യൂയോര്‍ക്കില്‍ ബാന്‍കിമൂണും പ്രഖ്യാപനം നടത്തിയത്.സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്‌റോയില്‍ വച്ച് ചര്‍ച്ചനടത്താന്‍ പലസ്തീനും ഇസ്രായേലും ധാരണയായതായി യു.എസ്.വക്താവ് അറിയിച്ചു.
മൂന്നാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 1400 പലസ്തീന്‍കാരും 59 ഇസ്രായേലുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.