ശബരിമലയ്ക്കും പമ്പയ്ക്കുമിടയ്ക്ക് ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന് ഒരൊറ്റ റോഡ് മാത്രമേയുള്ളൂ; അതാണ് ചന്ദ്രാനന്ദന്‍ റോഡ്; ആ റോഡ് വെട്ടിയതോ ഒരു നിരീശ്വരവാദിയും

single-img
3 July 2014

chandrananthan roadഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളായ പമ്പയ്ക്കും ശബരിമലയ്ക്കുമിടയ്ക്ക് ഒരു വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്ന ഏക റോഡ് മാത്രമേയുള്ളു. അതാണ് പമ്പ- സന്നിധാനം നടപ്പാതയില്‍ മരക്കൂട്ടം മുതല്‍ സന്നിധാനത്തിന് കീഴെവരെയുള്ള ചന്ദ്രാനന്ദന്‍ റോഡ്. എന്നാല്‍ മണ്ഡലകാലത്ത് മലചവിട്ടിയെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങളില്‍ എത്രപേര്‍ക്കറിയാം ഈ റോഡിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു നിരീശ്വരവാദിയായിരുന്നുവെന്ന സത്യം.

ഇന്നലെ അന്തരിച്ച പുന്നപ്ര വയലാര്‍ സമരനായകനും സി.പി.എം. നേതാവുമായ പി.കെ. ചന്ദ്രാനന്ദനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ റോഡ് വെട്ടിയത്. പ്രസ്തുത റോഡാണ് ചന്ദ്രാനന്ദന്‍ റോഡെന്ന് ഇന്നും അറിയപ്പെടുന്നത്. ഈ ചന്ദ്രാനന്ദന്‍ റോഡുണ്ടായിട്ട് 46 വര്‍ഷം പിന്നിടുകയാണ്.

നിലവിലെ കാനന പാതയ്ക്ക് സമാന്തരമായി റോഡ് വെട്ടാന്‍ ചന്ദ്രാനന്ദന്‍ മുന്‍കൈയെടുത്തത് 1967-69 -ല്‍ ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് മെമ്പറായിരിക്കെയാണ്. ആ സമയത്ത് ചാലക്കയം വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാനുള്ള റോഡുണ്ടായിരുന്നുള്ളു. അവിടുന്ന് പിന്നെ ജീപ്പില്‍ വേണം പമ്പയിലേക്ക് പോകാന്‍. തീര്‍ത്ഥാടകര്‍ക്ക് റോഡിന്റെ ആവശ്യം ബോധ്യപ്പെട്ട ചന്ദ്രാനന്ദന്‍ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ശക.ആര്‍. ഗൗരിയമ്മയെ സമീപിക്കുകയും ആവശ്യം ഉന്നയിക്കുകയുമായിരുന്നു.

ചന്ദ്രാനന്ദന്റെ ആവശ്യം കണ്ടറിഞ്ഞ ഗൗരിയമ്മ പമ്പയില്‍ 60 ഏക്കര്‍ ഭൂമിയും സന്നിധാനത്ത് 40 ഏക്കര്‍ ഭൂമിയും റോഡിനായി വിട്ടുനല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമഫലമായി സന്നിധാനത്ത് റോഡ് രൂപം കൊണ്ടു. രൂപം കൊടുത്തയാളിന്റെ പേരില്‍ പിന്നീട് ആ റോഡ് അറിയപ്പെടുകയായിരുന്നു.

ഇന്ന് ആ റോഡില്‍കൂടി യാത്രചെയ്യുന്ന പലര്‍ക്കും ആ റോഡിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചയാളെപ്പറ്റിയോ ആ റോഡിന് അത്തരത്തില്‍ പേരു വന്നതിനെപ്പറ്റിയോ അറിയില്ല. പേരിലുള്ള ആ ചന്ദ്രാനന്ദന്‍ താനാണ് എന്ന് ഈ ചന്ദ്രനാന്ദന്‍ ഒരിക്കലും വെളിപ്പെടുത്താനും പോയിട്ടില്ല.