മലദ്വാരംവഴി സ്വര്‍ണ്ണം കടത്താന്‍ രണ്ടാഴ്ച സൗജന്യ പരിശീലനം

single-img
10 June 2014

goldസ്വര്‍ണ്ണം കള്ളക്കടത്ത് മലദ്വാരത്തില്‍ ഒളിപ്പിച്ച് നടത്തി വിമാനത്താവളങ്ങളിലെ പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ സംഘങ്ങള്‍ പ്രത്യേക പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ശിവഗംഗയിലും തിരുനല്‍വേലിയുംവച്ച് പരിശീലനം നേടിയവര്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയതായി കസ്റ്റംസ്, ഡി.ആര്‍.ഐ. വിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചു.

മലബാര്‍ മേഖലയില്‍ കാസര്‍ഗോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ ഇത്തരം പരിശീലനം നല്‍കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് പുറത്തു വിട്ട വിവരം. തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ വംശജരാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കുന്നത്.

വളരെ പ്രൊഫഷണലായ രീതിയിലാണ് സംഘങ്ങള്‍ പരിശീലനം ക്രമീകരിച്ചിരിക്കുന്നതെന്ന് കസ്റ്റംസ് അധികാരികള്‍ പറയുന്നു. സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ മലദ്വാരത്തിലേക്ക് കടത്താന്‍ വേദന സംഹാരിയടക്കമുള്ള മരുന്നുകള്‍ പ്രയോഗിച്ചാണു പരിശീലനം നല്‍കുന്നത്. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ഔഷധങ്ങളുമുണ്ട്. രണ്ടാഴ്ച നീളുന്ന പരിശീലനത്തിന് പുറമേ പഠന ക്ലാസുമുണ്ട്. ദ്രാവക ഭക്ഷണം സ്വര്‍ണം ഒളിപ്പിച്ചശേഷം കഴിക്കാന്‍ പാടില്ലെന്നതാണ് ഇവരുടെ നിയമം.

പരിശീലനം കഴിഞ്ഞവര്‍ക്ക് വന്‍ തുക പ്രതിഫലമായി ഓഫര്‍ ചെയ്യുന്നതിനൊപ്പം പരിശീലനവും സൗജന്യമായാണ് നല്‍കുന്നത്. ഇവരെ സ്ഥിരം കാരിയര്‍മാരായി ഉപയോഗിക്കാനാണു കള്ളക്കടത്തു സംഘത്തിന്റെ ലക്ഷ്യമെന്നും കസ്റ്റംസ് സൂചിപ്പിക്കുന്നു. ഒരേ വിമാനത്താവളത്തിലൂടെ മാത്രമല്ലാതെ കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലേയും വിമാനത്താവളങ്ങളിലൂടെയും മാറി മാറി സ്വര്‍ണം കടത്തുന്ന രീതിയാണ് ഇവര്‍ പിന്‍തുടരുന്നത്.