ദിലീപ് വിവാഹമോചനത്തിന് ഹര്‍ജ്ജി നല്‍കി : മഞ്ജു വാര്യരില്‍ നിന്നും മാനസ്സികപീഡനമെന്നു ദിലീപ്

single-img
5 June 2014

കൊച്ചി: പ്രമുഖ മലയാള ചലച്ചിത്ര നടൻ ദിലീപ് തന്റെ ഭാര്യ മ‌ഞ്ജുവാര്യരിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബകോടതിയിൽ ഹർജി നൽകി. മഞ്ജു വാര്യരില്‍ നിന്ന് മാനസിക പീഡനമുണ്ടെന്നു പറഞ്ഞ ദിലീപ്, കേസില്‍  രഹസ്യ വിചാരണ വേണമെന്നും ആവശ്യപ്പെട്ടു.

മ‌ഞ്ജുവും താനും ഏറെനാളായി പിരിഞ്ഞ് കഴിയുകയാണെന്നും മഞ്ജുവിൽ നിന്ന് മാനസിക പീഡനം ഉണ്ടായതായും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്. ഇരുവരും അറിയപ്പെടുന്ന സിനിമാ താരങ്ങളായതിനാൽ തന്നെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഹർജിയിലെ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിടരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

അഡ്വക്കേറ്റ് ഫിലിപ്പ് ടി.വർഗീസ് മുഖേനയാണ് ദിലീപ് ഹര്‍ജ്ജി നല്‍കിയത്.ഹർജി പരിഗണിക്കുന്ന അടുത്തമാസം 23ന് ഇരുവരോടും കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. 

ദിലീപും മഞ്ജുവും പിരിയാൻ ഒരുങ്ങുകയാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നതാണ്. തന്റെ പാസ്‌പോർട്ടിലെ പേരിൽ നിന്ന് ദിലീപിന്റെ പേര് നീക്കം ചെയ്യുന്നതിന് മഞ്ജു വാര്യർ അപേക്ഷ നൽകിയതോടെ ഇരുവരും അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾ ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഒരു വർഷമായി മഞ്ജുവുമായി അകന്നാണ് താമസിക്കുന്നതെന്ന് ദിലീപ് അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.

1998 ഒക്ടോബർ 20നാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. മീനാക്ഷി എന്ന മകളുണ്ട്. ദിലീപിനൊപ്പമാണ് മീനാക്ഷിയുടെ താമസം.  

ഈയിടെ ദിലീപ് നായകനായി അഭിനയിച്ച റിംഗ് മാസ്റ്റര്‍ എന്ന ചിത്രം മഞ്ജുവിനെ താറടിച്ചു കാണിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ മുപ്പത്തിയഞ്ചു വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ അസ്തിത്വ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഹൌ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമ സൂപ്പര്‍ ഹിറ്റ്‌ ആയതോടെ മഞ്ജു വാര്യരുടെ പ്രേക്ഷക പിന്തുണ പതിന്മടങ്ങ്‌ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്.ഇതിലെ ശക്തമായ നായികാ കഥാപാത്രത്തിലൂടെ ഒരു വലിയ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്.