കുരുന്നുകള്‍ ഇന്ന്‌ അക്ഷരലോകത്തേക്ക്

single-img
2 June 2014

sമധ്യവേനലവധിക്കുശേഷം സംസ്ഥാനത്ത് ഇന്നു സ്‌കൂളുകൾ തുറക്കും. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി കുരുന്നുകള്‍ ഇന്ന് അക്ഷരലോകത്തേക്ക് . മൂന്നരലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതുതായി സ്‌കൂളുകളില്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.പ്രവേശനോല്‍സവത്തോടെയായിരിക്കും സ്‌കൂളുകള്‍ ഇന്ന് തുറക്കുക.

 

 

സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളിലും ജില്ലാ തലത്തില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചിട്ടുണ്ട്‌. സംസ്‌ഥാനതല സ്‌കൂള്‍ പ്രവേശനോല്‍സവം മലപ്പുറം തിരൂരങ്ങാടിയിലെ തൃക്കുളം ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ നടക്കും. രാവിലെ പത്തിന്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ അധ്യക്ഷത വഹിക്കും. വിദ്യാര്‍ഥികളും ബഹുജനങ്ങളും അണിനിരക്കുന്ന ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്‌.

 

 

വിദ്യാഭ്യാസമന്ത്രിയുടെ പ്രഥമദിനസന്ദേശം സ്‌കൂളുകളില്‍ വായിക്കും. സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടികള്‍ നടത്തുന്നത്‌. ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ ഈ അധ്യയനവര്‍ഷം മുതല്‍ പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ ആദ്യമായി ഒന്നാംക്ലാസ്‌ മുതല്‍ സംസ്‌കൃതഭാഷ പഠിക്കാനുള്ള സൗകര്യവും കലാപഠനത്തിനുള്ള സൗകര്യവും ഇത്തവണയുണ്ട്‌. ആദ്യദിവസം എല്ലാ രക്ഷകര്‍ത്താക്കളും സ്‌കൂളുകളില്‍ എത്തണമെന്ന്‌ പൊതുവിദ്യാഭ്യാസവകുപ്പ്‌ അറിയിച്ചു.