മോഡി അധികാരത്തിലേറിയ സമയത്ത് അഹമ്മദാബാദിലും കര്‍ണ്ണാടകയിലെ ബീജപ്പൂരിലും കലാപം

single-img
27 May 2014

മോഡി സത്യപ്രതിജ്ഞ ചെയ്തു പ്രധാനമന്ത്രിയായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ ഗുജറാത്തിന്റെ ഹൃദയനഗരമായ അഹമ്മദാബാദിലും കര്‍ണ്ണാടകയിലെ ബീജപ്പൂരിലും കലാപം പൊട്ടിപ്പുറപ്പെട്ടു.ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടായതായാണ് റിപ്പോര്‍ട്ട്‌.

അഹമ്മദാബാദില്‍ ക്ഷുഭിതരായ ജനക്കൂട്ടം തിങ്കളാഴ്ച വൈകുന്നേരം  നിരവധി കടകളും വാഹനങ്ങളും കത്തിക്കുകയും അന്യോന്യം കല്ലെറിയുകയും ചെയ്തു. ഗോംതിപ്പൂര്‍ എന്നാ സ്ഥലത്ത് ഒരു വിവാഹപ്പാര്‍ട്ടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഞായറാഴ്ചയുണ്ടായ ഈ സംഭവം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു വഴിയൊരുക്കുകയായിരുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി അഹമ്മദാബാദ് സിറ്റി ജോയിന്റ് കമ്മീഷണര്‍ മനോജ്‌ ശശിധര്‍ അറിയിച്ചു.മൂന്നു കടകളും ഒരു മിനി ബസും രണ്ടു മോട്ടോര്‍ സൈക്കിളുകളും കലാപകാരികള്‍ കത്തിച്ചതായും അദ്ദേഹം പറഞ്ഞു.പോലീസ് അക്രമികള്‍ക്ക് നേരെ  ടിയര്‍ഗ്യാസ് പ്രയോഗിച്ചു.

കര്‍ണ്ണാടകയിലെ ബീജപ്പൂരിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.നരേന്ദ്രമോഡിയുടെ വിജയം ആഘോഷിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരും തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

മുന്‍ കേന്ദ്രമന്ത്രി ബസവനഗൌഡ പട്ടേല്‍ യത്നാലിന്റെ നേതൃത്വത്തില്‍ മോഡി സത്യപ്രതിജ്ഞ ചെയ്യുന്നത് ആഘോഷിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വൈകുന്നേരം ഏഴുമണിയോടെ ബീജപ്പൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എല്‍ ബി എസ് പച്ചക്കറി മാര്‍ക്കറ്റില്‍ പ്രവേശിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ മുഖത്തേയ്ക്കു വര്‍ണ്ണപ്പൊടി വിതറി.ഇതിനെ ചിലര്‍ എതിര്‍ത്തതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.വാക്കേറ്റം മൂത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

കലാപകാരികളില്‍ ഒരു വിഭാഗം മാര്‍ക്കറ്റ് അടിച്ചുതകര്‍ത്തപ്പോള്‍ മറ്റൊരു വിഭാഗം തൊട്ടടുത്തുള്ള ഗാന്ധി ചൌക്ക് പോലിസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു.ബിജെപി നേതാവ് ബസവനഗൌഡയുടെ ഓഫിസിനു നേരെയും ആക്രമണമുണ്ടായി.ഏകദേശം പന്ത്രണ്ടോളം ആളുകള്‍ക്കു ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്‌ ഉണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി പോലീസ് അറിയിച്ചു.സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.