ഒടുവില്‍ നിയമത്തിനു കീഴടങ്ങി : ജാമ്യത്തുക കെട്ടിവെയ്ക്കാന്‍ തയ്യാറെന്ന് കെജരിവാള്‍

single-img
27 May 2014

ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി നൽകിയ മാനനഷ്ട കേസിൽ ജാമ്യം ലഭിക്കുന്നതിന് ജാമ്യത്തുക കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. 10,​000 രൂപ കെട്ടിവയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കേജ‌്‌രിവാളിനെ മജിസ്ട്രേട്ട് കോടതി ഇദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി  ജൂൺ ആറു വരെ നീട്ടിയിരുന്നു. 

ജാമ്യമെടുത്തു പുറത്തിറങ്ങിയ ശേഷം കെജ്‌രിവാൾ ഉയർത്തുന്ന നിയമപ്രശ്നങ്ങൾ പരിഗണിക്കാമെന്ന് ജസ്റ്റീസുമാരായ കൈലാഷ് ഗംഭീർ,​ സുനിത ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെ‌ഞ്ച് കേജ്‌രിവാളിന്റെ അഭിഭാഷകരായ ശാന്തിഭൂഷണിനോടും പ്രശാന്ത് ഭൂഷണിനോടും പറഞ്ഞിരുന്നു.ഇതോടെയാണ് ജാമ്യത്തുക കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകര്‍ അറിയിച്ചത്.

സമൻസ് പുറപ്പെടുവിച്ച കേസുകളിൽ ആരോപണവിധേയനായ ആൾ അഭിഭാഷകനൊപ്പം കോടതിയിൽ ഹാജരാവുകയാണെങ്കിൽ പിന്നെ ജാമ്യത്തുക കെട്ടിവയ്ക്കണമോയെന്ന നിയമപ്രശ്നമാണ് കേജ്‌രിവാൾ കോടതിക്ക് നൽകിയ അപേക്ഷയിൽ ഉയർത്തിയത്.

മേയ് 21നാണ് കേജ്‌രിവാളിനെ ജയിലിൽ അടച്ചത്. രണ്ടു ദിവസത്തിനു ശേഷം 23നും ജാമ്യത്തുക കെട്ടിവയ്ക്കാൻ കേജ്‌രിവാൾ തയ്യാറായില്ല. തുടർന്ന് റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.