ഉത്തര്‍പ്രദേശില്‍ ട്രെയിനപകടത്തില്‍ 20 മരണം : ഗോരഖ്ധാം എക്സ്പ്രെസ്സ് ചരക്കു തീവണ്ടിയിലിടിച്ചാണ് അപകടമുണ്ടായത്

single-img
26 May 2014

ലക്നോ : ഉത്തർപ്രദേശിൽ പാസഞ്ചർ ട്രെയിൻ ചരക്കു തീവണ്ടിയിലിടിച്ചു കയറി 20 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് ഗൊരഖ്പൂരിലേക്ക് പോയ ഗൊരാഖ്ധാം എക്സ‌്പ്രസാണ് അപകടത്തില്‍പ്പെട്ടത്.

ഉത്തര്‍പ്രദേശിലെ ഖാലിയാബാദിന് സമീപമാണ് അപകടം നടന്നത്. സാന്റ് കബീര്‍നഗര്‍ ജില്ലയിലെ ചുറൈഡ് സ്റ്റേഷനടത്തു വെച്ച് ഗോരഖ് ധാം എക്‌സ്പ്രസ് സ്റ്റേഷനറി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ട്രെയിനുകളും ഒരേ പാളത്തിലായിരുന്നുവെന്നാണ് വിവരം.സിഗ്നൽ തെറ്റിവന്ന പാസഞ്ചർ ട്രെയിൻ സ്റ്റേഷനു സമീപം നിറുത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ഗൊരാഖ്ധാം എക്‌പ്രസിന്റെ ആറു ബോഗികൾ പാളം തെറ്റി. കൂട്ടിയിടിയുടെ ശക്തിയില്‍ ബോഗികള്‍ ആകാശത്തേക്ക് ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിഗ്നൽ തകരാറാണ് അപകട കാരണമെന്ന് കരുതുന്നു. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദ‍ർശിച്ചു.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും എത്രപേര്‍ മരിച്ചുവെന്ന് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ അറിയിച്ചു.അപകടത്തില്‍ മരിച്ചവര്‍ക്ക് നിയുക്ത ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ ആദരാഞ്ജലികള്‍ രേഖപ്പെടുത്തി.

ഹെല്‍പ് ലൈന്‍ നമ്പരുകള്‍ : 
05222635639, 
05222288890, 
05512204893