സമാധാനദൗത്യത്തിനിടെ ജീവന്‍ നഷ്ടമായ എട്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ബഹുമതി

single-img
26 May 2014

യുണൈറ്റഡ് നേഷന്‍സ്: സമാധാനദൗത്യത്തിനിടെ ജീവന്‍ നഷ്ടമായ എട്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ബഹുമതി. ലെഫ്. കേണല്‍ മഹിപാല്‍ സിംഗ്, ലാന്‍സ് നായിക് നന്ദകിഷോര്‍ ജോഷി, ഹവില്‍ദാര്‍ ഹീരാ ലാൽ, ഭരത് ശശ്‌മൽ, സുബേദാര്‍ ശിവകുമാര്‍ പാൽ, ധര്‍മേഷ് സംഗ് വൻ, കുമാര്‍ പാല്‍ സിംഗ്, രമേശ്വര്‍ സിംഗ് എന്നിവരെയാണ് യു എന്‍ മെടല്‍ നല്‍കി ആദരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ഡാഗ് ഹാമര്‍ഷോള്‍ഡിന്റെ പേരിലുള്ള മെഡലാണ് ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിച്ചത്.യു.എൻ. സമാധാന സംരക്ഷണദിനത്തിന്റെ ഭാഗമായി മെയ് 29-ന് നടക്കുന്ന ചടങ്ങില്‍ ഇവരുടെ ബന്ധുക്കള്‍ ബഹുമതി ഏറ്റുവാങ്ങും.ഇവരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 106 പേര്‍ക്കാണ് ഇത്തവണ ഐക്യരാഷ്ട്രസഭ മരണാനന്തര ബഹുമതി നല്‍കുന്നത്.

മഹിപാല്‍ സിംഗ്, നന്ദകിഷോർ, ഹീര ലാൽ, ശിവ കുമാര്‍ പാല്‍ , ഭരത് ശശ് മല്‍ എന്നിവര്‍ തെക്കന്‍ സുഡാനില്‍ ഏപ്രിലില്‍ ആണ് കൊല്ലപ്പെട്ടത്. യു.എൻ. സംഘത്തിന് അകമ്പടിപോയ ഇവരുടെ വാഹനം 200 പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു.

2013 ഫെബ്രുവരിയില്‍ ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയിലെ ദൗത്യത്തിനിടെയാണ് രമേശ്വര്‍ സിംഗ് കൊല്ലപ്പെട്ടത്. ധര്‍മേഷ് സംഗ് വനും കുമാര്‍ പാല്‍ സിംഗും മരിച്ചത് തെക്കന്‍ സുഡാനിലെ അക്കേബൊയില്‍ യു.എൻ. സൈനിക നടപടിക്കിടെയാണ്.

ഐക്യരാഷ്ട്രസഭയുടെ സമാധാനദൌത്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സൈനിക ട്രൂപ്പുകളെ വിന്യസിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.ഐക്യരാഷ്ട്രസഭയുടെ ഇതുവരെയുള്ള 68 സമാധാനദൌത്യങ്ങളില്‍ 43 എണ്ണത്തിലും ഇന്ത്യന്‍ സൈനികരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.അതിലേയ്ക്കായി ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം ട്രൂപ്പുകളെ ഇന്ത്യ നല്‍കിയിട്ടുണ്ട്.

നിലവില്‍ 8132 ഇന്ത്യന്‍ സൈനികരാണ് ഐക്യരാഷ്ട്രസഭയുടെ വിവിധ സമാധാനദൌത്യങ്ങളിലായി സേവനമനുഷ്ഠിക്കുന്നത് .ഹെയ്ത്തി,കോംഗോ,ഗോലാന്‍ ഹൈറ്റ്സ്, ലെബനന്‍,ലൈബീരിയ എന്നിങ്ങനെ നീളുന്ന പത്തോളം പ്രശ്നബാധിത സ്ഥലങ്ങളിലായാണ് ഇവര്‍ സേവനമനുഷ്ഠിക്കുന്നത്.

2000-ാമാണ്ട് ഡിസംബര്‍ മാസത്തിലാണ് ഡാഗ് ഹാമര്‍ഷോള്‍ഡ് മെഡല്‍ ഏര്‍പ്പെടുത്തിയത്.സമാധാനദൗത്യത്തിനിടെ രക്തസാക്ഷിയാകുന്ന സൈനികരെ ആദരിക്കാനാണ് ഈ മെഡല്‍ നല്‍കുന്നത്.സ്വീഡിഷ് പൌരനായിരുന്ന ഡാഗ് ഹാമര്‍ഷോള്‍ഡ് സെക്രട്ടറി ജനറല്‍ പദവിയിലിരിക്കെ 1961-ല്‍ ദുരൂഹമായ ഒരു വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്.