സത്യപ്രതിജ്ഞ ബഹിഷ്കരിക്കില്ല : പക്ഷെ പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല : ഉദ്ധവ് താക്കറെ

single-img
26 May 2014

ന്യൂഡല്‍ഹി : എതിര്‍പ്പുകള്‍ മാറ്റിവെച്ചു മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെ അറിയിച്ചു.സത്യപ്രതിജ്ഞ ചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കുന്നതിനാല്‍ ഉദ്ധവ്  പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശക്തമായ പാക്കിസ്ഥാന്‍ വിരുദ്ധനിലപാടുകള്‍ സ്വീകരിച്ചുപോരുന്ന ശിവസേനയ്ക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതില്‍ ആദ്യം മുതലേ എതിര്‍പ്പുണ്ടായിരുന്നു.പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെയും സംഗീതബാന്‍ഡിനെയും വരെ ബഹിഷ്കരിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിച്ച പാര്‍ട്ടിയാണ് ശിവസേന.

മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ പാക്കിസ്ഥാനെ വിശ്വസിക്കാന്‍ ആവില്ല എന്നുമാണ് ഉദ്ധവ് താക്കറെ പറഞ്ഞത്.

“നമ്മുടെ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ വിലാപങ്ങള്‍ എന്റെ കാതുകളില്‍ അലയടിക്കുന്നു.ഇന്ത്യ എന്നും പാക്കിസ്ഥാനോട് സൗഹൃദം പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.എന്നാല്‍ അവരത് തിരിച്ചിങ്ങോട്ട് കാണിച്ചിട്ടില്ല.മോഡിയുടെ നേതൃപാടവത്തില്‍ ശിവസേനയ്ക്ക് വിശ്വാസമുണ്ട്‌.അതുകൊണ്ട് തുടക്കത്തിലേ എതിര്‍പ്പുകള്‍ ഉയര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കില്ല ” താക്കറെ പറഞ്ഞു.

പാക്കിസ്ഥാന്‍ ഒരിക്കലും മാറാന്‍ പോകുന്നില്ല എന്ന് പറഞ്ഞ താക്കറെ , മോഡി കടുത്ത നിലപാടുകള്‍ എടുക്കും എന്ന് വിശ്വാസമുണ്ടെന്നും പറഞ്ഞു.കാര്‍ഗില്‍ യുദ്ധകാലത്ത് നവാസ് ഷെരീഫ് ആയിരുന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി എന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു .