നരേന്ദ്രമോദി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

single-img
26 May 2014

modiപ്രധാനമന്ത്രിയായി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.രാഷ്ട്രപതിഭവനിലെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മോദിക്കൊപ്പം 20 ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. തിങ്കളാഴ്ച രാവിലെ ഏഴിന് നിയുക്തപ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിക്കും.

 

 

പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് അടക്കമുള്ള ‘സാര്‍ക്ക്’ രാഷ്ട്രനേതാക്കള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മോദിക്കൊപ്പം, ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാസ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ മന്ത്രിസഭാംഗങ്ങളാകും. എന്നാല്‍, എല്‍.കെ. അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും മന്ത്രിസ്ഥാനം ലഭിക്കാനിടയില്ല.

 

 

ഘടകകക്ഷിനേതാക്കളായ തെലുങ്കു ദേശത്തിന്റെ അശോക് ഗജപതി രാജു, ശിവസേനയുടെ അനന്ത് ഗീതെ, എല്‍.ജെ. പിയുടെ രാംവിലാസ് പാസ്വാന്‍ തുടങ്ങിയവരും സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സംസ്ഥാനമുഖ്യമന്ത്രിമാര്‍, മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും. മോദിയുടെ അമ്മ ഹീരാബെന്നും എത്തിയേക്കും. നാലായിരത്തോളം പേരെയാണ് ബി.ജെ.പി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്.