പാലക്കാട്ട് മൂന്നേകാല്‍ക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

single-img
26 May 2014

പാലക്കാട് : മൂന്നേകാല്‍ക്കിലോ കഞ്ചാവുമായി ഒലവക്കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്ന് ഒഡീഷ സ്വദേശിയെ പാലക്കാട് എക്‌സൈസ് സ്‌പെഷല്‍സ്‌ക്വാഡ് പിടികൂടി. ഒഡീഷയിലെ ഗജപതി ജില്ലയിലെ ബോണ്ടിസാറി സ്വദേശി ധാമ്പ്രുരോഹിത് (23) ആണ് പിടിയിലായത്. 

പാലക്കാട്ടെ ചില്ലറ കച്ചവടക്കാരന് കൈമാറാനായി ഇയാള്‍ ഒഡീഷയില്‍നിന്ന് കഞ്ചാവ് കൊണ്ടുവരികയായിരുന്നെന്നാണ് എക്‌സൈസിന്റെ നിഗമനം. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ഒലവക്കോട് റെയില്‍വേസ്റ്റേഷനിലെത്തിയ പട്‌ന-എറണാകുളം എക്‌സ്പ്രസ്സില്‍ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. പാലക്കാട് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി. ജയന്തിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 

പാലക്കാട് സ്വദേശിയുമായി മൊബൈലില്‍ സംസാരിച്ചതായി ഇയാളെ ചോദ്യംചെയ്തതില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. 

അന്യസംസ്ഥാന തൊഴിലാളികള്‍വഴി ഒഡീഷ, ആന്ധ്രപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നായി കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാെവത്തുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ദിവസം ഒരുടണ്‍ കഞ്ചാവെങ്കിലും എത്തുന്നുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് നിഗമനം. എക്‌സൈസിന്റെ കര്‍ശനപരിശോധനകള്‍കാരണം കേരളത്തില്‍ കഞ്ചാവുകൃഷി നടക്കുന്നില്ല. എന്നാല്‍, ഒഡീഷയിലെ റായഗഡ, ഗജപതി, മോഹന, ബര്‍ഹാംപുര്‍, ആന്ധ്രയിലെ വിശാഖപട്ടണം, കരീംനഗര്‍, കമ്മം, വാറങ്കല്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് കൃഷി വന്‍ തോതില്‍ നടക്കുന്നുണ്ട്. ഇവിടങ്ങളില്‍നിന്ന് പട്‌ന-എറണാകുളം എക്‌സ്പ്രസ്, ആലപ്പി ധന്‍ബാദ്, തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസ് എന്നീ തീവണ്ടികളിലാണ് പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതെന്ന് പാലക്കാട് അസി. എക്‌സൈസ് കമ്മീഷണര്‍ സി. ജയന്തിവാസന്‍ പറഞ്ഞു.