മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ സി പി എം എം എല്‍ എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

single-img
26 May 2014

കണ്ണൂർ: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കല്ലേറിൽ പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം എം.എൽ.എമാരായ സി.കൃഷ്ണൻ,​ കെ.കെ.കൃഷ്ണൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കണ്ണൂർ ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 

14 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. മൊത്തം 1004 പ്രതികള്‍ ആണ് ഉള്ളത്. ഇതില്‍ 114 പേരെയാണ് ഇതിനകം തിരിച്ചറിഞ്ഞത്.ഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.സി ജോസഫ്‌, ടി.സിദ്ധിഖ്‌ എന്നിരാണ്‌ സാക്ഷിപട്ടികയിലുള്ളത്‌. 

കണ്ണൂരില്‍ സംഘടിപ്പിച്ച പോലീസ്‌ കായികമേളയുടെ സമാപനചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായത്‌. കഴിഞ്ഞ ഒക്‌ടോബര്‍ 27 നായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനം പോലീസ്‌ മൈതാനത്തേയ്‌ക്ക് കടന്നുവരുന്നതിനിടെ പോലീസ്‌ ക്‌ളബ്ബിന്‌ സമീപത്തുവെച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്‌. ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ല്‌ തകരുകയും മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിനും പരുക്കേറ്റിരുന്നു. 

സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ് പ്രവർത്തകർ  കരിങ്കൊടി കാണിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രിയോടൊപ്പം കാറില്‍ മന്ത്രി കെ.സി ജോസഫ്, കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധീഖ് എന്നിവരുണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട്‌ നൂറോളം പേരെ വിവിധ ഘട്ടങ്ങളിലായി അറസ്‌റ്റുചെയ്യുകയും റിമാന്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. ഇവരെല്ലാം പിന്നീട്‌ ജാമ്യത്തിലിറങ്ങിയിരുന്നു.