പരനാറി തനിനാടന്‍; തനിമയാര്‍ന്ന നാടന്‍ വാക്കിനെ സംസ്‌കൃതം പുതപ്പിക്കരുതെന്ന് പാര്‍ട്ടി പത്രം

single-img
23 May 2014

Pinarayi vijayan-4‘പരനാറി’യെന്നത് നാടന്‍ തനിമയാര്‍ന്ന വാക്കാണെന്നും അതിനെ സംസ്‌കൃതംകൊണ്ടു പുതപ്പിക്കുന്നത് കാപട്യമാണെന്നുമാണ് പിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ന്യായീകരിച്ച് പാര്‍ട്ടി മുഖപത്രത്തിന്റെ മുഖപ്രസംഗം.

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍.കെ പ്രേമചന്ദ്രനെ ലോക്‌സഭാതെരഞ്ഞുടുപ്പ് സമയത്ത് പരനാറി എന്ന വാക്കുകകൊണ്ട് പിണറായി വിജയന്‍ ആക്രമിച്ചത് വന്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. പാര്‍ട്ടിയില്‍തന്നെ ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ന്യായീകരണവുമായി പത്രം രംഗത്തെത്തിയത്.

ഫ്രഞ്ച് മഹാകവി ബോദ്‌ലെയറെ കൂട്ടുപിടിച്ചാണ് പരനാറി പ്രയോഗത്തെ പാര്‍ട്ടിപത്രം ന്യായീകരിക്കുന്നത്. ആലങ്കാരികഭാഷ ഉപേക്ഷിച്ച് പച്ചയായ മനുഷ്യന്റെ സാധാരണഭാഷ സംസാരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോദ്‌ലെയര്‍ പറഞ്ഞിട്ടുണ്ടെന്നു പത്രം പറയുന്നു. ”ഇതിപ്പോള്‍ പറയാന്‍ കാരണം തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ട ഒരു വാക്ക് മുന്‍നിര്‍ത്തി കേരളത്തിലെ ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഭാഷാ ചര്‍ച്ച സംഘടിപ്പിക്കുന്നു എന്നതാണ്…ചതിയും വഞ്ചനയും നെറികേടും മുന്നില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാ ക്കള്‍ അതു തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കും….അവസരവാദപരമായ നിലപാടെടുത്ത് ഒപ്പം നിന്നവരെയൊക്കെ തള്ളിപ്പറഞ്ഞ്, അതുവരെ ശത്രുക്കളായിരുന്നവരുടെ കൂടാരത്തില്‍ ഒറ്റരാത്രികൊണ്ട് ചെന്നുകയറിയ ഒരാളെ തേച്ചുമിനുക്കി വെടിപ്പാക്കിയ വാക്കുകൊണ്ടുവേണോ വിമര്‍ശിക്കാന്‍?… സാധാരണ മനുഷ്യര്‍ക്കിടയില്‍നിന്ന് അവരില്‍പെട്ടവരായിത്തന്നെ ഉയര്‍ന്ന് നേതൃത്വത്തിലേക്കെത്തിയവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍. അവര്‍ നാടിന്റെ ഭാഷയിലേ സംസാരിക്കൂ.”- പത്രം പറയുന്നു.

”’അഭിജാത’ വിഭാഗത്തിന്റെ സ്വീകാര്യതയ്ക്കുവേണ്ടി മനസില്‍ സ്വാഭാവികമായി വരുന്ന നാടന്‍ തനിമയാര്‍ന്ന വാക്കുകളെ സംസ്‌കൃതം കൊണ്ട് പുതപ്പിച്ചാല്‍ അതും കാപട്യമാണ്. ആ കാപട്യം കാട്ടിയില്ല എന്നതാണോ ഇവിടെ കുഴപ്പം?”- മുഖപ്രസംഗം ചോദിക്കുന്നു.

ഇരതയൊക്കെ ഈ വാക്കിനെ ന്യായീകരിച്ചിട്ടും മുഖപ്രസംഗത്തില്‍ ഒരു ഭാഗത്തുപോലും ഈ ‘വാക്ക്’ പത്രം ഉപയോഗിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.