തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം : അമിത്ഷായ്ക്ക് മുംബൈ സി ബി ഐ കോടതിയുടെ സമന്‍സ്

single-img
23 May 2014

മുംബൈ : നരേന്ദ്രമോഡിയുടെ വലംകൈയും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് മുംബൈ സി ബി ഐ കോടതിയുടെ സമന്‍സ്.ഗുജറാത്തില്‍ നിന്നും മുംബൈ കോടതിയ്ക്ക് കൈമാറിയ കേസില്‍ ജസ്റ്റിസ് ഉത്പത് ആണ് സമന്‍സ് പുറപ്പെടുവിച്ചത്.

അമിത് ഷായ്ക്കും നിരവധി പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന മറ്റു 18 പ്രതികള്‍ക്കുമെതിരെ കഴിഞ്ഞ സെപ്റ്റംബറിലാണ് സി ബി ഐ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത്.സോറാബ്ദ്ദീന്‍ ഷേക്കിനെയും അയാളുടെ ഭാര്യ കൌസര്‍ ബീയെയും ഹൈദരാബാദില്‍ നിന്നും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി വെടിവെച്ചു കൊന്നു എന്നാണു കേസ്.ഈ കേസിലെ സാക്ഷിയായിരുന്നു തുളസി റാം പ്രജാപതി.

2005-നവംബര്‍ മാസത്തില്‍ ഗാന്ധിനഗറിന് സമീപം പോലീസുമായി ഉണ്ടായ  ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടു എന്നാണു ഗുജറാത്ത് പോലീസ് പിന്നീട് അവകാശപ്പെട്ടത്.എന്നാല്‍ ഇവരെ ഹൈദരബാദില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു എന്നതിന്റെ ഏകസാക്ഷി തുളസിറാം പ്രജാപതിയായിരുന്നു.ഒരു വര്‍ഷത്തിനു ശേഷം ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലെ ചാപ്രി ഗ്രാമത്തില്‍ വെച്ച് തുളസിറാം പ്രജാപതിയെയും പോലീസ് വെടിവെച്ച് കൊന്നു.പ്രജാപതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു എന്നാണു പോലീസിന്റെ വാദം.

എന്നാല്‍ ഈ രണ്ടു ഏറ്റുമുട്ടലുകളും പോലീസ് ആസൂത്രണം ചെയ്ത കൊലപാതകങ്ങള്‍ മാത്രമാണ് എന്ന് പിന്നീട് സി ബി ഐ കണ്ടെത്തി.രാജസ്ഥാനിലുള്ള ഒരു വലിയ മാര്‍ബിള്‍ ലോബിക്കെതിരെ പ്രവര്‍ത്തിച്ച സൊറാബ്ദ്ദീന്‍ ഷേക്കിനെ ഇല്ലാതാക്കാന്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായ അമിത്ഷാ കൂട്ടുനിന്നു എന്നാണു സി ബി ഐയുടെ കണ്ടെത്തല്‍.