രണ്ടരവയസുകാരിയുടെ മൃതദേഹം മൂടികെട്ടിയ കിണറ്റിനുള്ളില്‍

single-img
22 May 2014

snaishaരണ്ടരവയസുകാരിയുടെ മൃതദേഹം അയല്‍പുരയിടത്തിലെ ഇരുമ്പുകമ്പികൊണ്ട് മൂടി തീര്‍ത്ത കിണറ്റില്‍ കാണപ്പെട്ടു. കളത്തൂര്‍ നമ്പുശേരില്‍ സന്തോഷ്-ടിന്റു ദമ്പതികളുടെ മകള്‍ സനീഷ (രണ്ടരവയസ്)യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ വീടിനു സമീപമുള്ള കിണറ്റിനുള്ളില്‍ മാതാവ് കണെ്ടത്തിയത്. മൃതദേഹം കാണപ്പെട്ട കിണറ്റിലെ വെള്ളം കോരുന്നതിന് തൊട്ടിയിടുന്നതിനുള്ള മൂടിയുടെ ചെറിയ വാതില്‍ തുറന്ന നിലയിലായിരുന്നുവെന്ന് പറയുന്നുണ്ട്.

കുട്ടിയുടെ മാതാപിതാക്കളായ സന്തോഷും ടിന്റുവും മാസങ്ങളായി പിരിഞ്ഞു ജീവിക്കുകയായിരുന്നു. കുട്ടി ടിന്റുവിന്റെ കൂടെയായിരുന്നു. കളത്തൂരിലെ വീട്ടിലും കുര്യം നമ്പുശേരി കോളനിയിലെ വീട്ടിലുമായി മാറിമാറി താമസിക്കുകയായിരുന്നു ടിന്റുവും മക്കളും. സന്തോഷ് പൈകയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ടിന്റു കാലിന് നേരിയ സ്വാധീനക്കുറവുള്ള മൂത്തമകളെ മുളന്തുരുത്തിയിലുള്ള ഒരു കോണ്‍വെന്റിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞദിവസം രാത്രി ഏഴിന് ടിന്റു പ്രാര്‍ഥയ്ക്കുന്നതിനിടയില്‍ ഇവര്‍ക്കടുത്ത് നിന്ന് സനീഷ വരാന്തയിലേക്ക് പോയതായി പറയുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം സനീഷയെ കാണാതെ വരികയായിരുന്നും അതിനുശേഷം ഒരുബന്ധുവിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ കുറവിലങ്ങാട് പോലീസില്‍ അറിയിക്കുകയുമായിരുന്നു. രാത്രിയായതിനാല്‍ ഇന്നു രാവിലെയെത്തി പരാതി എഴുതി നല്‍കാന്‍ നിര്‍ദേശിച്ച പോലീസ് പറഞ്ഞയച്ചതായും ഇവര്‍ പറയുന്നു.

പിതാവ് കുട്ടിയെ കൊണ്ടുപോയോ എന്ന സംശയത്തില്‍ ഇവര്‍ പൈകയിലുള്ള സന്തോഷിന്റെ വീട്ടിലെത്തിയെങ്കിലും കുട്ടിയെ കണെ്ടത്താനായില്ല. ഇന്നുരാവിലെ വീടിനു സമീപമുള്ള പുരയിടത്തിലെ കിണറ്റില്‍ വെള്ളത്തില്‍ പൊങ്ങിയനിലയില്‍ സനീഷയുടെ മൃതദേഹം അമ്മ ടിന്റു കണെ്ടത്തുകയായിരുന്നു.

ടിന്റുവിന്റെ വീട്ടില്‍ നിന്നും ഇരുനൂറ് മീറ്ററോളം അകലത്തിലാണ് മൃതദേഹം കാണപ്പെട്ട കിണര്‍. മൃതദേഹം കാണപ്പെട്ട കിണര്‍ ഈ വീട്ടുകാര്‍ ഉപയോഗിക്കുന്നതല്ല. വീടിനും കിണറിനുമിടയില്‍ ചെറിയ ചപ്പാത്തും അവിടേക്കുള്ള വഴി പുല്ലുനിറഞ്ഞതുമാണ്. രണ്ടരവയസ്സുകാരി രാത്രിയില്‍ ഇതെല്ലാം കടന്ന് പോകുമോ എന്ന ചോദ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്.