ആദ്യം സൈക്കിളിടിച്ചു, പിന്നെ ബസിടിച്ചു; ഒടുവില്‍ ആശുപത്രിയില്‍ വെച്ച് എക്‌സറേ യന്ത്രം ദേഹത്ത് വീണ് മരിച്ചു

single-img
22 May 2014

28satabdi hospital3ഒന്നിലധികം തവണ മരണത്തെ മുഖാമുഖം കണ്ടയാള്‍ ഒടുവില്‍ എക്‌സറേ എടുക്കുന്നതിനിടയില്‍ യന്ത്രം തകര്‍ന്നുവീണ് മരിച്ചു. സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥനായിരുന്ന മുംബൈ ബോറിവിലി സ്വദേശിയായ സുഖ്ദിയോ ലാല്‍ജി സേത്താ(53)ണ് കഴിഞ്ഞ ദിവസം അപൂര്‍വ്വ അപകടങ്ങള്‍ക്കിരയായി ജീവന്‍ വെടിഞ്ഞത്.

പുലര്‍ച്ചേ നടക്കാനിറങ്ങിയ സേത്തിനെ കപാഡിയ റോഡില്‍ വച്ച് എതിരെവന്ന സൈക്കിള്‍യാത്രക്കാരന്‍ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ സേത്ത് അവിടുന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പേ റോഡിലൂടെ വരികയായിരുന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ് കിടന്ന സേത്തിനെ നാട്ടുകാര്‍ ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് എക്‌സറേ എടുക്കുന്നതിനിടയില്‍ എക്‌സറേ യന്ത്രം തകര്‍ന്ന് സേത്തിന്റ മുകളിലേക്ക് വീഴുകയും തല്‍ക്ഷണം അദ്ദേഹം മരണമടയുകയുമായിരുന്നു.

മുംബൈയില്‍ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ തീരെ നിലവാരമില്ലാത്തതിന് കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് ശതാബ്ദി ആസ്പത്രി എന്നും അറിയപ്പെടുന്ന ബാബസാഹിബ് അംബേദ്കര്‍ ആസ്പത്രി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.