പാലക്കാട്ടെ പരാജയം അന്വേഷിക്കാന്‍ യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചു
21 May 2014
പാലക്കാട്ടെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സോഷ്യലിസ്റ്റ് ജനത ഇന്നലെ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്ടെ യുഡിഎഫ് തോല്‍വി അന്വേഷിക്കാന്‍ യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചു. ആര്‍. ബാലകൃഷ്ണപിള്ള ചെയര്‍മാനായ സമിതി എത്രയും പെട്ടെന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.
പാലക്കാട്ടെ പരാജയം അപ്രതീക്ഷിതമായിരുന്നെന്ന് പി.പി. തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥിക്കോ യുഡിഎഫ് നേതാക്കള്‍ക്കോ അവിടെയുണ്ടായ അടിയൊഴുക്കു മനസിലാക്കാന്‍ സാധിച്ചില്ല. ഈ വിഷയം ആഴത്തില്‍ പഠിക്കേണ്ടതാണെന്ന് തങ്കച്ചന്‍ പറഞ്ഞു. ബാലകൃഷ്ണപിള്ളയെ കൂടാതെ കെ.പി.എ. മജീദ്, ജോയി ഏബ്രഹാം, എ.എ. അസീസ്, ഷെയ്ഖ് പി. ഹാരീസ്, ജോണി നെല്ലൂര്‍ എന്നിവര്‍ ഉപസമിതിയില്‍ അംഗങ്ങളായിരിക്കും.