കാതടപ്പിക്കുന്ന നിശബ്ദത ; എന്റെ ഭീതികള്‍ അടിസ്ഥാനരഹിതമാണോ? : നന്ദിതാദാസ്

single-img
18 May 2014


പ്രമുഖ നടിയും സംവിധായികയുമായ നന്ദിതാദാസ് ഔട്ട്‌ലുക്ക്‌ വാരികയില്‍ എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ.പരിഭാഷകന്‍ : ബച്ചു മാഹി

 

 

ഇപ്പോഴത്തെ ജനവിധിയെ നമ്മില്‍ പലരും ആശങ്കയോടെ മാത്രം നോക്കിക്കാണുന്നതിന് മതിയായ ന്യായങ്ങളുണ്ട്. കെട്ടിഘോഷിക്കപ്പെട്ട ‘വികസന’ത്തിന്‍റെയും, ഉപരി-മധ്യവര്‍ഗ്ഗ ഭ്രമമായ ‘ഗുജറാത്ത്‌ മോഡല്‍’ന്‍റെയും കഥയെടുക്കുക. ഔദ്യോഗികകണക്കുകളിൽ ആ സംസ്ഥാനം മോഡിക്ക് മുൻപും വ്യാവസായിക വളര്‍ച്ചയും വികസനപരതയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ലളിതമായ അളവുകോല്‍ എടുത്താല്‍ പോലും കഴിഞ്ഞ ഒരു ദശകത്തില്‍ മഹാരാഷ്ട്രയും ബീഹാറും തമിഴ്നാടും സാമ്പത്തികവളര്‍ച്ചയില്‍ ഗുജറാത്തിനെക്കാള്‍ മുന്നിലെത്തി എന്ന് കാണാവുന്നതാണ്. ഭൂരിഭാഗം ഇന്ത്യക്കാരും പാര്‍ശ്വവല്‍കൃതരോ മറ്റുരീതികളില്‍ ദുരിതമനുഭവിക്കുന്നവരോ ആയി തുടരുമ്പോള്‍ കേവലം സാമ്പത്തികവളര്‍ച്ചയെ മാത്രം വിജയത്തിന്‍റെ മാനദണ്ഡമായി ഉയര്‍ത്തിക്കാട്ടുന്നത് എത്രമാത്രം സംഗതമാണ്?! കോര്‍പറേറ്റ് നയങ്ങളാല്‍ മാത്രം നിര്‍ണ്ണയിക്കപ്പെടുന്ന സാമ്പത്തിക മോഡലില്‍ അവരുടെ ശബ്ദം എങ്ങനെ കേള്‍ക്കാനാണ്‌?! അടിസ്ഥാനജീവിതസൌകര്യങ്ങള്‍ നിഷേധിക്കപ്പെട്ടവരെ ഉദ്ധരിക്കാനുള്ള സാമൂഹ്യനടപടികള്‍ക്ക് എന്തെങ്കിലും ഊന്നല്‍ കിട്ടുമോ? ‘വികസനം’ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാപേര്‍ക്കായുള്ളതും ആയിരിക്കുമോ?

2002-ലെ കൂട്ടക്കുരുതിയെ മറക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നവര്‍ തന്നെയാണ് വിഭജനത്തിന്റെ, എന്തിനധികം, ബാബറിന്റെ അധിനിവേശത്തിന്‍റെ വരെ ഓര്‍മ്മകളെ സജീവമായി നിര്‍ത്തണമെന്ന് ശഠിക്കുന്നതും. ഇപ്പോഴും മുറിവുകള്‍ ഉണങ്ങിയിട്ടില്ലാത്തവര്‍ക്ക് പരിഹാരമോ പ്രായശ്ചിത്തമോ പരിഗണനയോ നല്കിയില്ലെന്നത് പോട്ടെ, വിദ്വേഷം നട്ട് പിടിപ്പിക്കുന്നതിലും ആധികാരികമാക്കുന്നതിലും ഉണ്ടായ ഭയനകരമായ വര്‍ധനവ് എന്നെ വല്ലാതെ ആകുലപ്പെടുത്തുന്നു. ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായ പ്രചാരവേലകളിലൂടെ മതപരതയെ ഉദ്ദീപിപ്പിച്ചത് പ്രകടമായിരുന്നു. പുറമേ പാടിനടന്ന ‘വികസന’ത്തിന്റെ മറവിൽ വിഭജന രാഷ്ട്രീയം തന്നെയായിരുന്നു മുഖ്യ പിടിവള്ളി. മുസഫർനഗറിൽ അമിത് ഷാ നടത്തിയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങൾ, പ്രചാരണത്തിനിടെ മറ്റു പല തൊപ്പികളും അണിഞ്ഞ മോഡി മുസ്ലിം തൊപ്പി ധരിക്കാൻ വിസമ്മതിച്ചത്, ഹിന്ദു പ്രദേശങ്ങളിൽ നിന്ന് മുസ്ലിംകളെ പുറന്തള്ളണമെന്ന തൊഗാഡിയയുടെ ആഹ്വാനം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.

എന്നാൽ എന്റെ സത്വരമായ ഭീതി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ വീഴാൻ പോകുന്ന കോടാലിയെക്കുറിച്ചാണ്. തങ്ങളുടെ ആശയഗതികൾ മാറ്റാനും വ്യവസ്ഥാപിത രീതികളിലൂടെ എതിർപ്പ് രേഖപ്പെടുത്താനും സർക്കാരിനെ താഴെയിറക്കാനുമൊക്കെ ജനങ്ങളെ സജ്ജമാക്കുന്നത് വിയോജിക്കാനുള്ള ആ സ്വാതന്ത്ര്യമാണ്. അങ്ങനെയാണ് ജനാധിപത്യം അതിന്റെ കടമ നിറവേറ്റുന്നത്. സെൻസർഷിപ്പും വിധ്വംസകതയും തരാതരം ഉപയോഗിച്ച് കൊണ്ട് വിമർശകരുടെ വാമൂടിക്കെട്ടാൻ ബിജെപിയും കൂട്ടാളികളും എന്നും ധൃഷ്ടരായിരുന്നു. ഫയർ, വാട്ടർ സിനിമകളോട് അനുബന്ധിച്ച് വ്യക്തിപരമായി തന്നെ എനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ‘മതേതരപാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുക’ എന്നൊരു നിരുപദ്രവകരമായ ആഹ്വാനം മോഡി അനുയായികളെ ഇത്രമേല്‍ പ്രകോപിതരാക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ‘നിന്‍റെ കുഞ്ഞിനെയുമെടുത്ത് പാക്കിസ്ഥാനിലേക്ക് പോകുക’ എന്ന ആക്രോശത്തോടെയാണ് അവരതിനെ വരവേറ്റത്. അതിന്‍റെ സൂചകം എത്ര അപകടകരമാണ് എന്ന് പറയേണ്ടതില്ലല്ലോ.

2008-ലാണ് ഞാന്‍ ‘ഫിറാഖ്’ എന്ന സിനിമ ചെയ്തത്. വംശഹത്യാനന്തരഫലങ്ങളെ ഗുജറാത്തിലെ സാധാരണക്കാരായ ജനം എങ്ങനെയാണ് എതിരിട്ടത് എന്നന്വേഷിക്കുന്ന പടം, ഹിംസക്കെതിരെ വ്യക്തമായി തന്നെ പക്ഷം ചേര്‍ന്നെങ്കിലും ആര്‍ക്കുമെതിരെ സവിശേഷമായി വിരല്‍ ചൂണ്ടിയിരുന്നില്ല. എന്നിട്ടും,.ഏറെ അഭിനനന്ദങ്ങള്‍ പിടിച്ചു പറ്റിയ തോടൊപ്പം തന്നെ സങ്കുചിതമനസ്ക്കരില്‍ നിന്ന് രൂക്ഷ എതിര്‍പ്പുകളും അത് നേരിട്ടു. അതിന്‍റെ റിലീസ് പലതവണ നീണ്ടു പോയി. ഇലക്ഷന്‍ അടുത്തതായിരുന്നു എക്സ്ക്യൂസ് ആയി പറഞ്ഞത്. എന്തായാലും ഒടുക്കം അത് റിലീസ് ചെയ്യപ്പെട്ടു. എന്നാല്‍ ഇന്നായിരുന്നെങ്കില്‍ അത് നേരിടുമായിരുന്ന എതിര്‍പ്പുകള്‍ എത്ര വലുതാകുമായിരുന്നു! ഒരു കലാകാരി എന്ന നിലയില്‍ ഇന്ന് ഞാന്‍ എന്നത്തേക്കാളും അരക്ഷിതയും ഭീഷണിക്ക് ശരവ്യയുമാണെന്ന് എനിക്ക് തോന്നുന്നു. ആദ്യമായി, മീഡിയ സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി, സുരക്ഷിതമാളത്തിലേക്ക് പിന്‍വാങ്ങുന്നത് ഞാന്‍ തിരിച്ചറിയുന്നു – ‘സമയം ആഗതമായി’ എന്ന് വിളിച്ചറിയിക്കുന്നത് പോലെ. അരോചകമായ മൌനം ചുറ്റിലും കനക്കുന്നു. ‘നിഷേധികള്‍’ ഇല്ലെന്നോ തീരെ കുറവെന്നോ പറയാം.

അപ്പോഴും ഞാന്‍ സ്വയം ചോദിക്കുന്നു, എന്‍റെ ഭീതികള്‍ ശരിക്കും അടിസ്ഥാനരഹിതമാണോ?