ഇസ്ലാം നിയമത്തെ വെല്ലുവിളിച്ച് ശിരോവസ്ത്രമില്ലാത്ത ചിത്രങ്ങളുമായി ഇറാനിയന്‍ സുന്ദരിമാര്‍

single-img
14 May 2014

Iran 1മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക വിപ്ലവം നടന്നതിനുശേഷം ഇറാനില്‍ ഹിജാബ് (ശിരോവസ്ത്രം) ധരിക്കാതെ സ്്രതീകള്‍ വീടിനു പുറത്തിറങ്ങുന്നത് നിയമവിരുദ്ധമാണ്. ഇതിനെ വെല്ലുവിളിച്ചുകൊണ്ട് ശിരോവസ്ത്രമില്ലാത്ത ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് മൈ സ്‌റ്റെല്‍ത്തി ഫ്രീഡം എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ വിപ്ലവം സൃഷ്ടിക്കുകയാണ്.

ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ആയിരക്കണക്കിന് സ്ത്രീകളാണ് ഈ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരിക്കുന്നത്. വിനോദശാലകള്‍, കടല്‍തീരങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍ പല പോസുകളില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഗരറ്റ് വലിച്ചുകൊണ്ടു നില്‍ക്കുന്നവരെയും പങ്കാളികള്‍ക്കൊപ്പം നില്‍ക്കുന്നവരെയും ചിത്രങ്ങളില്‍ കാണാം. ഈ മാസം ആദ്യം തുടങ്ങിയ ഈ പേജിന് ഇപ്പോള്‍ ഏകദേശം ഒന്നരലക്ഷം ലൈക്കുകള്‍ ആയിക്കഴിഞ്ഞു.

എന്റെ മുടിയില്‍ സൂര്യപ്രകാശവും കാറ്റുമേല്‍ക്കാന്‍ എനിക്ക് അധികാരവും ആഗ്രഹവും ഉണ്ട് എന്ന രീതിയിലുള്ള കുറിപ്പുകളും യുവതികള്‍ ചിത്രങ്ങള്‍ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടൊയെടുക്കുന്ന ഒരു നിമിഷമെങ്കിലും ഞാന്‍, ഞാനാഗ്രഹിച്ചതുപോലെ ജീവിക്കുന്നു എന്നുള്ളതാണ് ഒരു യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇറാനിയന്‍ പത്രപ്രവര്‍ത്തകയായ മസീദ് അലി നെജാദാണ് ഈ ഫേസ്ബുക്ക് പേജ് തയ്യാറാക്കിയിരിക്കുന്നത്. ശിരോവസ്ത്രം ധരിക്കാത്ത തന്റെ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. തന്റെ ചിത്രത്തിന് കിട്ടിയ പ്രതികരണങ്ങളും പ്രോത്സാഹനങ്ങളുമാണ് മസീദിന് ഇതിനുവേണ്ടി ഒരുപേജ് തുടങ്ങാന്‍ പ്രചോദനമായത്. സര്‍ക്കാരിന്റെ ബന്ദിയെപ്പോലെയായിരുന്നു തന്റെ മുടിയെന്നായിരുന്നു അവര്‍ ആ ചിത്രത്തോടൊപ്പം കമന്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ആയിരക്കണക്കിന് ഇറാനിയന്‍ യുവതികളാണ് മസീദിന് തങ്ങളുടെ ശിരോവസ്ത്രം ധരിക്കാത്ത ചിത്രങ്ങള്‍ അയച്ചുകൊടുത്തത്.

ഇറാനില്‍ ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് ഗുരുതര കുറ്റമാണെന്നിരിക്കേയാണ് സ്ത്രീകളുടെ ഈ കൂട്ടായ്മ മതഭരണകൂടത്തിനെതിരെ വന്നിരിക്കുന്നത്. അടുത്തിടെ സ്ത്രീകള്‍ പറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവനും മറയ്ക്കണമെന്ന ബോര്‍ഡ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ ആയിരക്കണക്കിന് സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നത്.