നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകത്തിന്റെ അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്

single-img
10 May 2014

മുംബൈ : അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്രധബോല്‍ക്കറുടെ കൊലപാതകത്തിന്റെ അന്വേഷണം സി ബി ഐയ്ക്ക് കൈമാറാന്‍ ബോംബേ ഹൈക്കോടതിയുടെ ഉത്തരവ്.മുന്‍ മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ കേതന്‍ തിരോദ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ വിധി.

കഴിഞ്ഞ ആഗസ്റ്റ്‌ 20-നാണ് നരേന്ദ്രധബോല്‍ക്കറെ പൂനെയില്‍ വെച്ച് പട്ടാപ്പകല്‍ അക്രമികള്‍ വെടിവെച്ചു കൊന്നത്.ഇത് സംബന്ധിച്ച  പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രചാരണം നടത്തിയിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ പലരുടെയും ഉറക്കം കെടുത്തിയിരുന്നു.മഹാരാഷ്ട്ര ആന്റി സൂപ്പര്‍സ്റ്റിഷന്‍ ആക്റ്റ് പാസ്സാക്കിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ ധബോല്‍ക്കര്‍ക്കെതിരെ ഹിന്ദു സംഘടനകള്‍ പലപ്പോഴും രംഗത്ത്‌ വന്നിരുന്നു.ആള്‍ദൈവ മാഫിയകളില്‍ നിന്നും നിരന്തരം ഭീഷണികളും ഉണ്ടായിരുന്നു.

ദേശീയതലത്തില്‍ വളരെയധികം വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു ധബോല്‍ക്കറുടെ കൊലപാതകം.അക്രമികള്‍ നാലുതവണ അദ്ദീഹ്തിനു നേരെ നിറയൊഴിച്ചു.അതില്‍ രണ്ടെണ്ണം അദ്ദേഹത്തിന്റെ ദേഹത്ത് കൊല്ലുകയും അദ്ദേഹത്തിന് കഴുത്തിലും പുറത്തും മുറിവേല്‍ക്കുകയും ചെയ്തിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രിഥ്വിരാജ് ചവാന്‍ പത്തു ലക്ഷം രൂപാ പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല.

അന്വേഷണത്തില്‍ സ്റ്റേറ്റിന്റെ നിലപാടുകളെക്കുറിച്ച് പരാതിയൊന്നുമില്ലെങ്കിലും ഇത്രയധികം ദേശീയ അന്തര്‍ദ്ദേശീയ പ്രത്യാഘാതങ്ങള്‍ ഉള്ള ഒരു കേസ് സി ബി ഐ പോലെയുള്ള ഒരു ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് നല്ലത് എന്ന് കേതന്‍ തിരോദ്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.