ശാരദാ ചിട്ടി തട്ടിപ്പ് കേസ്:സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

single-img
9 May 2014

supremeബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ചിട്ടി തട്ടിപ്പില്‍ രാഷ്ട്രീയ നേതാക്കള്‍, പണമിടപാടുകാര്‍ അടക്കം ഉന്നതര്‍ക്കുള്ള പങ്കാണ് സി.ബി.ഐ അന്വേഷിക്കേണ്ടത്. ഒപ്പം സമാന രീതിയില്‍ ഒഡിഷ, അസം എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തട്ടിപ്പുകളും അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

ഈ വര്‍ഷം ഏപ്രിലിലാണ് ശാരദ ചിട്ടിക്കമ്പനികള്‍ പൊളിഞ്ഞത്. തുടര്‍ന്ന് ശാരദ ഗ്രൂപ്പിന്‍െറ നാല് കമ്പനികള്‍ക്കെതിരെ 560 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗാള്‍ പൊലീസും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ 2,460 കോടി രൂപയുടെ തട്ടിപ്പ് നടന്നതായും 80 ശതമാനം ഇടപാടുകാര്‍ക്കും ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ളെന്നും കണ്ടെത്തി. നിക്ഷേപങ്ങളെല്ലാം ശാരദ ചെയര്‍മാന്‍ സുദിപ്ത സെന്നിന്‍െറ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

 

ഇതിനിടെ, നിക്ഷേപകരെയും കലക്ഷന്‍ ഏജന്‍റുമാരെയും വഞ്ചിച്ച് മുങ്ങിയ ചിട്ടി കമ്പനി ചെയര്‍മാന്‍ സുദീപ്ത സെന്‍, സഹായികളായ ദേബ്ദാനി മുഖര്‍ജി, അരവിന്ദ് സിങ് ചൗഹാന്‍ എന്നിവരെ ജമ്മു കശ്മീരില്‍ നിന്ന് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ടെന്ന നിലപാടാണ് മമത സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി അടക്കമുള്ളവര്‍ ചിട്ടി തട്ടിപ്പ് വിഷയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ പ്രചാരണ ആയുധമായി ഉപയോഗിച്ചിരുന്നു.