സുപ്രീംകോടതി വിധി നിരാശാജനകമെന്ന് പ്രേമചന്ദ്രന്‍

single-img
8 May 2014

_MULLAPERYAR_7264fമുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധി ഏകപക്ഷീയവും നിരാജനകവുമാണെന്ന് ആര്‍എസ്പി നേതാവും മുന്‍ ജലവിഭവ മന്ത്രിയുമായിരുന്ന എന്‍.കെ. പ്രേമചന്ദ്രന്‍. കോടതി വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ടണല്‍ നിര്‍ദേശം എവിടെനിന്നു വന്നതാണെന്ന് അന്വേഷണം നടത്തണമെന്നും ഇതിനുപിന്നില്‍ എന്തോ ചില ആലോചനകള്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തെ നിരാകരിച്ച കോടതി കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമാണെങ്കില്‍ ഈ ടണല്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കാമെന്നു വിധിയില്‍ പരാമര്‍ശിക്കുന്നു. വിദഗ്ധ കമ്മിറ്റി നിര്‍ദേശിച്ച ടണല്‍ 50 അടി ഉയരത്തില്‍ നിര്‍മിക്കണമെന്നുള്ള കാര്യത്തില്‍ തമിഴ്‌നാടും അനുഭാവം പ്രകടിപ്പിക്കുന്നു. ഇതോടെ ഡാമിന്റെ സുരക്ഷാ ഭീഷണി മറികടക്കാനാകുമെന്നും പറയപ്പെടുന്നു. പക്ഷേ അതോടെ 50 അടിക്ക് മുകളില്‍ വരുന്ന ജലം മുഴുവനും തമിഴ്‌നാട്ടിലേക്കു ടണല്‍ വഴി ഒഴുകിപ്പോകും. കേരളത്തിന് ഇപ്പോള്‍ ലഭിക്കുന്ന ജലം കൂടി നഷ്ടമാകുന്ന അവസ്ഥയുണ്ടാകും. മാത്രമല്ല റിസര്‍വോയറും നഷ്ടമാകും. ഇത്തരത്തില്‍ കേരളത്തിന് ഏറെ ദോഷകരമായ ഒരു നിര്‍ദേശം വളരെ സ്വീകാര്യമായി ഉയര്‍ന്നുവന്നത് സംശയിക്കേണ്ടിയിരിക്കുന്ന ഒരു വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.