കന്നിയാത്രയ്ക്കിടെ കെ എസ് ആര്‍ ടി സിയുടെ ബാംഗ്ലൂര്‍ വോള്‍വോ ബസ്സിന്റെ നേരെ കല്ലേറ് :പിന്നില്‍ സ്വകാര്യ ബസ് സര്‍വീസ് ലോബിയെന്നു സംശയം

single-img
8 May 2014

തൃശൂർ : തമ്പാനൂ‌ർ ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേയ്ക്ക്  ഇന്നലെ സര്‍വീസ് ആരംഭിച്ച പുതിയ മൾട്ടി ആക്സിൽ വോൾവോ ബസ് അജ്ഞാതൻ എറിഞ്ഞു  തകർത്തു. ഇന്നലെ രാത്രി 11.45 ഓടെ തൃശൂരിലെ പൂങ്കുന്നത്ത് വച്ചാണ് സംഭവം. 

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് തിരുവനന്തപുരത്ത് നിന്നും ആർ.എസ്. 786 നമ്പർ മൾട്ടി ആക്സിൽ വോൾവോയുടെ എറണാകുളം, തൃശൂർ, കോഴിക്കോട്, മാനന്തവാടി, മൈസൂർ വഴി ബംഗളൂരുവിലേയ്ക്ക് പോകുന്ന പുതിയ സർവീസ് ഓടിത്തുടങ്ങിയത്. എന്നാല്‍ പൂങ്കുന്നത്തെത്തിയപ്പോള്‍ അപ്രതീക്ഷിതമായ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് ആദ്യ സര്‍വീസ് തന്നെ നിര്‍ത്തിവെയ്ക്കേണ്ടി വന്നു.വൈകിട്ട് രണ്ട് മണിക്ക് തമ്പാനൂരിൽ നിന്ന് പുറപ്പെട്ട  ബസ് രാവിലെ ആറുമണിയോടെ ബാംഗ്ളൂരിലെത്തേണ്ടതായിരുന്നു. തിരിച്ച് വൈകിട്ട് അഞ്ചുമണിക്ക് ബാംഗ്ളൂരിൽ നിന്ന് പുറപ്പെടുന്നതരത്തിലായിരുന്നു സമയക്രമം. 

കല്ലേറിൽ ബസിന്റെ വലതുവശത്തെ പിന്നിലെ ഗ്ളാസ് പൂർണ്ണമായും തകർന്നു. ഇരുപത്തിയഞ്ചിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. നല്ല മഴയും ഇരുട്ടും കാരണം ബസിനുനേരെ കല്ലെറിഞ്ഞയാളെ കണാൻ കഴിഞ്ഞില്ല. 

ആക്രമണത്തെ തുടർന്ന് ബസ് തശൂർ അയ്യന്തോൾ പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടു. ഗ്ളാസ് തകർന്നതുകാരണം എ.സി. പ്രവർത്തിപ്പിക്കാൻ കഴിയാതായതിനെത്തുടര്‍ന്ന്  മൈസൂരിലേക്കും ബാംഗ്ളൂരിലേക്കുമുള്ള യാത്രക്കാരുടെ കൈയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന്റെ പണം തിരികെ നൽകിയശേഷം അവരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ഇന്ന് രാവിലെ ബസ് തൃശൂർ കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് മാറ്റി. 

പൂങ്കുന്നത്ത് കറങ്ങി നടക്കുന്ന അജ്ഞാതനാണ് ബസ് എറിഞ്ഞുടച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവീസുകൾ മുടക്കാനായി അന്യസംസ്ഥാനത്തുള്ള പ്രൈവറ്റ് ബസ് കമ്പനികൾ ശ്രമിക്കുകയാണെന്നാണ് കെ എസ് ആര്‍ ടി സി അധികൃതർ പറയുന്നത്. ഇതിന്റെ ഭാഗമായാണ് ബസിനു നേരെ കല്ലേറുണ്ടായതെന്ന് സംശയമുണ്ട്. മൾട്ടി ആക്സിൽ വോൾവോ സർവീസ് തുടങ്ങിയത് മുതൽ ഒരു സംഘം തങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്ന്  കെ.എസ്.ആർ.ടി.സി വൃത്തങ്ങള്‍ ആരോപിക്കുന്നു.

ഈ റൂട്ടിലെ  സർവീസിനായി രണ്ട് മൾട്ടി ആക്സിൽ വോൾവോ ബസുകളാണ് തമ്പാനൂർ ഡിപ്പോയ്‌ക്ക് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്നും ബാംഗ്ളൂരിലേക്ക് 1270 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. മിനിമം ചാർജജ് 100 രൂപയാണ്. തിരുവനന്തപുരത്ത് നിന്നും കൊല്ലം വരെയുള്ള ദൂരത്തിനാണ് ഈ ചാർജ്ജ് ഈടാക്കുന്നത്.