തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴ തുടരുന്നു:എറണാകുളത്ത് ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു തീവണ്ടി ഗതാഗതം താറുമാറായി

single-img
8 May 2014

എറണാകുളം : തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴ തുടരുന്നു. രണ്ടു ദിവസമായി തുടരുന്ന മഴ കൊച്ചിയിലെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടാക്കി. 
നഗരത്തിലെ താഴ്ന്ന  പ്രദേശങ്ങളിൽ വെള്ളംകയറി.

എറണാകുളം സൗത്ത് – നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു, രാവിലെ പുറപ്പെടേണ്ട എറണാകുളം – ഗുരുവായൂര്‍ , എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. സിഗ്നൽ സംവിധാനം തകരാറിലായതോടെ ട്രെയിനുകൾ മണിക്കൂറുകളോളം   വൈകുകയാണ്. സൗത്ത് റെയില്‍വെ സ്‌റ്റേഷനുകളിലെ ആറ് ട്രാക്കുകളും വെള്ളത്തിനടിയിലായതുമൂലം കേരള എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍വഴി തിരിച്ചുവിടുമെന്ന് റെയില്‍വെ അറിയിച്ചു. 

ന്യൂഡൽഹി-തിരുവനന്തപുരം കേരള, തിരുവനന്തപുരം-ഷൊർണൂർ വേണാട് എന്നിവ സൗത്തിൽ വരില്ല. പകരം എറണാകുളം ടൗൺ (നോർത്തിൽ) നിർത്തും. നാഗർകോവിൽ-മംഗലാപുരം ഏറനാട്, ആലപ്പുഴ-ധൻബാദ് ട്രെയിനുകൾ ഒന്നര മണിക്കൂർ വൈകി. കോട്ടയം ഭാഗത്തു നിന്നുള്ള പാസഞ്ചർ ട്രെയിനുകൾ തൃപ്പൂണിത്തുറയിലും ആലപ്പുഴ ഭാഗത്തു നിന്നുള്ളവ കുമ്പളത്തും തൃശൂർ ഭാഗത്തു നിന്നുള്ളവ ഇടപ്പള്ളിയിലും യാത്ര അവസാനിപ്പിക്കും.

മഴ കനത്തതോടെ എറണാകുളം ജില്ലയിൽ കലക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും കലക്‌ട്രേറ്റിൽ തുറന്നു. കൺട്രോൾ റൂം നമ്പർ- 04842423513.മെട്രോ റയിലിന്റെ അനുബന്ധ നിർമാണ പ്രവർത്തനങ്ങളെയും മഴ ബാധിച്ചു. മണിക്കൂറിൽ 55 കിലോ മീറ്റർ വേഗത്തിൽ കാറ്റടിക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം മാധ്യമങ്ങളോട് പറഞ്ഞു. മേയര്‍ ടോണി ചമ്മിണിയുമായി താത്കാലിക പുനരധിവാസം സംബന്ധിച്ച ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. 

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് സ്ത്രീ മരിച്ചു. ബാലരാമപുരം നെല്ലിമൂട് കുഴിപ്പള്ളം സ്വദേശിനി ഓമനയാണ് മരിച്ചത്. 

കനത്തമഴ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകളെയും ബാധിച്ചു. ബുധനാഴ്ച രാത്രി സാമ്പിള്‍ വെടിക്കെട്ട് കനത്ത മഴമൂലം നിര്‍ത്തിവച്ചു. വ്യാഴാഴ്ച രാവിലെ നെയ്തിലക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത് വൈകി. 

ഇന്നും നാളെയും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.