കണ്ണൂരില്‍ മുസ്‌ലിം ലീഗ് ഓഫീസിന് തീയിട്ടു; തളിപ്പറമ്പില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

single-img
7 May 2014

kannur_map1കണ്ണൂര്‍ തളിപ്പറമ്പില്‍ ഇന്ന് പുലര്‍ച്ചെ രണേ്ടാടെ മുസ്‌ലിം ലീഗ് നിയന്ത്രണത്തിലുള്ള സി.എച്ച് സെന്റര്‍ ഓഫീസ് അടിച്ചു തകര്‍ത്ത് തീയിട്ട് നശിപ്പിച്ചു. മൂന്നു വര്‍ഷം മുമ്പ്് രൂപീകരിച്ച സി.എച്ച്. സെന്റര്‍ രാഷ്ട്രീയ-ജാതി-മതഭേദമില്ലാതെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയാണ്.

ദേശീയപാതയില്‍ ചിറവക്ക് അക്കിപ്പറമ്പിലെ ഇരുനില കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ഷട്ടറുകള്‍ തകര്‍ത്ത് അകത്തുകടന്ന അക്രമിസംഘം ഓഫീസിനകത്തുണ്ടായിരുന്നതെല്ലാം അടിച്ചുതകര്‍ത്ത ശേഷം തീയിടുകയായിരുന്നു.10 ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം കണക്കാക്കുന്നു. രാവിലെ ഓഫീസ് തകര്‍ത്ത വിവരമറിഞ്ഞ് ലീഗ് നേതാക്കളും നിരവധി ലീഗ് പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു മുസ്‌ലിം ലീഗ് ആരോപിച്ചു.

അക്രമത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഹര്‍ത്താല്‍ ആചരിക്കും.